ന്യൂഡൽഹി: കനേഡിയൻ നയതന്ത്ര പ്രതിനിധികളെ (Canadian Diplomats) തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടത് അന്താരാഷ്ട്ര നിയമത്തിന്‍റെ ലംഘനമാണെന്ന ആരോപണം തള്ളി ഇന്ത്യ (India Rejected Canada Allegation- Have Not Violated International Norms in Diplomatic Dispute). കഴിഞ്ഞ ദിവസം ഇന്ത്യയുടെ ആവശ്യപ്രകാരം 41 നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കാൻ നിർബന്ധിതരായതിനെ ജനീവ കൺവെൻഷൻ (Geneva Convention) ചട്ടത്തിന്‍റെ ലംഘനമായാണ് കാനഡ വിശേഷിപ്പിച്ചത്. ഈ വാദം തള്ളിയ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (Ministry of External Affairs) തങ്ങളുടെ നടപടിയെ അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും തള്ളിക്കളയുന്നതായി വ്യക്തമാക്കി.
തങ്ങളുടെ നടപടികൾ വിയന്ന കൺവെൻഷന്‍റെ (Vienna Convention) ആർട്ടിക്കിൾ 11.1 നോട് പൂർണ്ണമായും യോജിക്കുന്നതായും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. "സമത്വം നടപ്പിലാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ ലംഘനമായി ചിത്രീകരിക്കാനുള്ള ഏതൊരു ശ്രമവും ഞങ്ങൾ നിരസിക്കുന്നു. ഉഭയകക്ഷി ബന്ധങ്ങളുടെ അവസ്ഥ, ഇന്ത്യയിലെ കനേഡിയൻ നയതന്ത്രജ്ഞരുടെ എണ്ണം, ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അവരുടെ തുടർച്ചയായ ഇടപെടലുകൾ എന്നിവ മുൻനിർത്തി ന്യൂഡൽഹിയിലും ഒട്ടാവയിലുമുള്ള പരസ്‌പരമുള്ള നയതന്ത്ര സാനിധ്യം ഏകീകരിക്കേണ്ടതുണ്ട്." വിദേശകാര്യ മന്ത്രലയം വെള്ളിയാഴ്‌ച പുറത്തിറക്കിയ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചത്. ഇന്ത്യയിലുള്ള 62 കനേഡിയൻ നയതന്ത്രജ്ഞരിൽ 21 പേര്‍ ഒഴികെയുള്ളവരുടെ നയതന്ത്ര പരിരക്ഷ പിന്‍വലിക്കുമെന്ന് ഇന്ത്യ നേരത്തെ കാനഡയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവരെ തിരികെ വിളിക്കാൻ ഇന്ത്യ ഇന്നലെ (ഒക്‌ടോബര്‍ 20) വരെ സമയവും നല്‍കിയിരുന്നു. ഇന്ത്യ നല്‍കിയ സമയം അവസാനിക്കാനിരിക്കെയാണ് 41 നയതന്ത്ര പ്രതിനിധികള്‍ ഇന്നലെ കുടുംബസമേതം രാജ്യംവിട്ടത്.
ഇതിനുപിന്നാലെ നയതന്ത്രപരമായ പ്രത്യേക അവകാശങ്ങള്‍ ഇന്ത്യ ഏകപക്ഷീയമായി റദ്ദാക്കുന്നത് അന്താരാഷ്‌ട്ര നിയമങ്ങള്‍ക്ക് വിരുദ്ധവും നയതന്ത്ര ബന്ധങ്ങളെ കുറിച്ചുള്ള ജനീവ കണ്‍വെന്‍ഷന്‍റെ ലംഘനവും ആണെന്ന് കനേഡിയന്‍ വിദേശകാര്യ മന്ത്രി മെലാനി ജോളി ആരോപിച്ചു. ഇന്ത്യയുടെ ഈ നീക്കം ഇരു രാജ്യങ്ങളിലെയും പൗരന്മാര്‍ക്കായുള്ള സേവനങ്ങളുടെ നിലവാരത്തെ ബാധിക്കുമെന്നും അവർ പറഞ്ഞിരുന്നു.
ഇക്കഴിഞ്ഞ ജൂണില്‍ കാനഡയില്‍ വാന്‍കൂവറിന് സമീപം സിഖ് നേതാവ് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ (Justin Trudeau) ആരോപിച്ചതോടെയാണ് ഇന്ത്യ-കാനഡ വാക്‌പോര് ആരംഭിക്കുന്നത്. ഒരു പ്രധാന സഖ്യകക്ഷി നല്‍കിയ രഹസ്യാന്വേഷണ വിവരത്തിന്‍റെയും കാനഡയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞരെ നിരീക്ഷിച്ചതിന്‍റെയും അടിസ്ഥാനത്തില്‍ നിജ്ജാര്‍ വധത്തിലെ ഇന്ത്യയുടെ പങ്ക് തങ്ങള്‍ കണ്ടെത്തി എന്നായിരുന്നു കാനഡയുടെ ആരോപണം. എന്നാല്‍ ഇന്ത്യ കാനഡയുടെ ആരോപണം അപ്പാടെ തള്ളി. പിന്നീട് ഇരു രാജ്യങ്ങളിലെയും നയതന്ത്രജ്ഞരെ പരസ്‌പരം പുറത്താക്കുന്നതിലേക്കും കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ ഇന്ത്യ റദ്ദാക്കുന്നതിലേക്കും വരെ പ്രശ്‌നം നീങ്ങി.