ജെറുസലേം : ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്‍റെ ആക്രമണത്തിൽ ഏഴ് ഇസ്രയേൽ സൈനികർക്കും മറ്റ് 10 പേർക്കും പരിക്കേറ്റതായി ഇസ്രയേൽ സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലുകൾ ലെബനൻ-ഇസ്രയേൽ അതിർത്തിയിൽ ശക്തമായി തുടരുന്നത് പുതിയ യുദ്ധമുഖം തുറക്കുമെന്ന ആശങ്കയിലാണ് ലോക രാജ്യങ്ങള്‍.
നവംബർ 5 ന് തെക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു സ്ത്രീയും മൂന്ന് കുട്ടികളും കൊല്ലപ്പെട്ടതിന് ശേഷം ലെബനൻ-ഇസ്രയേൽ അതിർത്തിയില്‍ സാധാരണക്കാർ ആക്രമിക്കപ്പെട്ട സംഭവമാണ് കഴിഞ്ഞ ദിവസം നടന്നത്. ഇസ്രയേൽ പൗരന്മാര്‍ക്കെതിരായ ഹിസ്ബുള്ള ആക്രമണം ഗൗരവകരമാണെന്ന് ഇസ്രയേൽ സേനയുടെ മുഖ്യ വക്താവ് റിയർ അഡ്‌എം ഡാനിയൽ ഹഗാരി പറഞ്ഞു.
വടക്കന്‍ ഗാസയിലെ യുദ്ധത്തിലാണ് ഇസ്രയേൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വടക്കൻ മേഖലയിലെ സുരക്ഷ പദവി മാറ്റാൻ ഇസ്രയേൽ സൈന്യത്തിന് പ്രവർത്തന പദ്ധതികളുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഉത്തര ഗാസയിലെ പലസ്‌തീനികള്‍ക്ക് സുരക്ഷിതമായി അവരുടെ വീടുകളിലേക്ക് മടങ്ങാനുള്ള സമയം ആയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കന്‍ ഇസ്രയേലില്‍ നടന്ന കനത്ത ഷെല്ലാക്രമണത്തില്‍ ഏഴ് ഇസ്രയേല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി സൈന്യം സ്ഥിരീകരിച്ചു. അതേസമയം, വടക്കൻ ഹൈഫയിലും ഇസ്രയേൽ അതിർത്തി പട്ടണങ്ങളായ നൗറയിലും ഷ്ലോമിയിലും തെക്കൻ ലെബനനിൽ നിന്നുള്ള ഷെല്ലാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹമാസ് ഏറ്റെടുത്തു.
ഇസ്രയേല്‍ അതിര്‍ത്തി ഗ്രാമത്തിന് നേരെ ഹിസ്ബുള്ള ടാങ്ക് പ്രതിരോധ മിസൈലുകള്‍ തൊടുത്തതിനെ തുടര്‍ന്ന് അവശ്യസര്‍വീസ് തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി ഇസ്രയേല്‍ സേന വ്യക്തമാക്കി. യാറൂൺ, മെയ്‌സ് എൽ-ജബൽ, അൽമ അൽ-ഷാബ് എന്നിവയുൾപ്പെടെ നിരവധി തെക്കൻ ലെബനൻ പട്ടണങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. അതേസമയം ഇസ്രയേൽ സൈനിക ബുൾഡോസറിന് നേരെ മിസൈല്‍ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു .
ഇസ്രയേലിന് നേരെ ഹിസ്ബുള്ള നടത്തുന്ന ആക്രമണം ഒരു പക്ഷെ ഇസ്രയേലില്‍ മറ്റൊരു യുദ്ധമുഖം കൂടി തുറക്കുമെന്ന ആശങ്കയിലാണ് ലോക രാഷ്ട്രങ്ങള്‍.