വാഷിങ്‌ടൺ: ലോകം തിരഞ്ഞ ഭീകരരിൽ ഒരാളും 9/11 വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന്‍റെ സൂത്രധാരനുമായ അൽ ഖ്വയ്‌ദ നേതാവ് അയ്‌മൻ അൽ സവാഹിരിയെ യു.എസ് വധിച്ചിട്ട് ഇന്നേക്ക് (05.08.2022) ഏഴ് ദിവസമാകുന്നു. അഫ്‌ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ രഹസ്യ ഭവനത്തില്‍വച്ചാണ് അമേരിക്ക ഭീകര സംഘത്തിന്‍റെ നേതാവിനെ വധിച്ചത്. ഈ വിഷയത്തില്‍ രാജ്യം ഭരിക്കുന്ന താലിബാന്‍റെ നിലപാട് സസൂക്ഷ്‌മം പരിശോധിക്കുകയാണ് അമേരിക്കയിപ്പോള്‍. ഈ ഘട്ടത്തില്‍ നിരവധി ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മിഡില്‍ ഈസ്റ്റ് പണ്ഡിതനായ ജാവിദ് അഹ്‌മദ്.
അമേരിക്കയിലെ പ്രശസ്‌ത ദിനപത്രമായ 'ദി ഹില്ലില്‍' (The Hill) എഴുതിയ ലേഖനത്തിലാണ് ജാവിദിന്‍റെ നിരീക്ഷണങ്ങളും ആരോപണങ്ങളും. യു.എസ് ഡ്രോണ്‍ ആക്രമണം താലിബാനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങള്‍ക്ക് അവരെ വീണ്ടും വിശ്വാസത്തിലെടുക്കുന്നതില്‍ സ്വാഭാവികമായും ആശങ്ക ഉണ്ടാക്കുമെന്ന് അദ്ദേഹം ലേഖനത്തില്‍ കുറിച്ചു. അഫ്‌ഗാനിസ്ഥാന്‍റെ പ്രധാന നഗരങ്ങളിലും പാകിസ്ഥാൻ, ഇറാൻ, ചൈന എന്നിവിടങ്ങളിലെയും സുരക്ഷിത കേന്ദ്രങ്ങള്‍, അല്‍ ഖ്വയ്‌ദ വർഷങ്ങളായി ഉപയോഗിക്കുന്നുണ്ട്.
'അവര്‍ അയല്‍രാജ്യങ്ങളെ ഉപയോഗിച്ചു': ചില ഘട്ടങ്ങളില്‍, മുൻ അഫ്‌ഗാന്‍ ഗവൺമെന്‍റിന്‍റെ മുതിർന്ന ഉദ്യോഗസ്ഥർ തങ്ങളുടെ 'അതിഥികളെ' പാർപ്പിക്കാൻ സ്വന്തമായ സ്വത്തുക്കൾ വരെ പാട്ടത്തിന് നല്‍കിയിരുന്നു. ഹഖാനി നെറ്റ്‌വർക്ക്, ലഷ്‌കർ ഇ ത്വയ്‌ബ, താലിബാൻ, ഇസ്‌ലാമിക് സ്‌റ്റേറ്റ് എന്നീ സംഘടനകളിലെ ഭീകരര്‍ അയൽ രാജ്യങ്ങളെ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അഫ്‌ഗാന്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതി ചെയ്യുന്നതിന് ഒരു മൈലിനുള്ളിലാണ് തങ്ങളുടെ പരമോന്നത നേതാവിനെ അൽ ഖ്വയ്‌ദ താമസിപ്പിച്ചത്. ഈ തീരുമാനം താലിബാനുമായുള്ള അവരുടെ ബഹുതല സഖ്യത്തിന്‍റെ ശക്തിയെയാണ് വ്യക്തമാക്കുന്നതെന്നും ജാവിദ് അഹ്‌മദ് 'ദി ഹില്‍' ലേഖനത്തില്‍ പറയുന്നു.
അഫ്‌ഗാനില്‍വച്ച് ജൂലൈ 30 വൈകുന്നേരമാണ് ഡ്രോൺ ആക്രമണത്തിലൂടെ യു.എസ് സൈന്യം അയ്‌മന്‍ അൽ സവാഹിരിയെ കൊലപ്പെടുത്തിയത്. പ്രസിഡന്‍റ് ജോ ബൈഡനാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം, അൽ-ഖ്വയ്‌ദ നേതാവ് അയ്‌മന്‍ അൽ സവാഹിരി കാബൂളിൽ താമസിക്കുന്നതിനെ കുറിച്ച് സർക്കാരിന് ഒരു വിവരവുമില്ലായിരുന്നെന്നാണ് താലിബാൻ പ്രതിനിധി സുഹൈൽ ഷഹീൻ അറിയിച്ചത്.
യു.എസിന്‍റെ ഡ്രോൺ ആക്രമണത്തോട് എങ്ങനെ പ്രതികരിക്കണമെന്നതിനെ കുറിച്ച് താലിബാൻ ഉന്നത നേതാക്കൾ നീണ്ട ചർച്ചകളിലാണ്. ഓഗസ്റ്റ് നാലിന് അദ്ദേഹം ഇക്കാര്യം ഐക്യരാഷ്‌ട്ര സഭയിലാണ് വ്യക്തമാക്കിയത്. അഫ്‌ഗാന്‍ മണ്ണിൽ ഒരിക്കലും ആക്രമണം ആവർത്തിക്കരുതെന്ന മുന്നറിയിപ്പും അമേരിക്കയ്‌ക്ക് താലിബാന്‍ പ്രതിനിധി നൽകുകയുണ്ടായി.