വാഷിങ്ടൺ: ഓസ്‌കർ ചടങ്ങിനിടെ അവതാരകൻ ക്രിസ് റോക്കിനെ തല്ലിയ നടപടിയിൽ മികച്ച നടനുള്ള ഓസ്‌കർ അവാർഡ് നേടിയ വിൽ സ്‌മിത്തിനെതിരെ അക്കാദമി കൂടുതൽ അച്ചടക്ക നടപടികളിലേക്ക് കടക്കുന്നു. സംഭവത്തിന് ശേഷം ഷോയിൽ നിന്ന് പുറത്തുപോകാൻ സ്‌മിത്തിനോട് ആവശ്യപ്പെട്ടെങ്കിലും താരം അതിന് തയാറായില്ല.
നടന്‍റെ പ്രവർത്തനങ്ങൾ അക്കാദമിയുടെ അക്കാദമിയുടെ പെരുമാറ്റ മാനദണ്ഡങ്ങളുടെ ലംഘനമാണെന്ന് ബോർഡ് ഓഫ് ഗവർണേഴ്‌സ് യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഏപ്രിൽ 18ന് നടക്കുന്ന അക്കാദമി ബോർഡ് മീറ്റിങ്ങിൽ സ്‌മിത്തിനെതിരെ നടപടിയുണ്ടായേക്കും. സസ്‌പെൻഷനോ പുറത്താക്കലോ മറ്റ് ഉപരോധമോ നേരിടേണ്ടിവരുമെന്ന് പ്രസ്‌താവനയിൽ പറയുന്നു.
സംഭവത്തിൽ അക്കാദമി സ്‌മിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌മിത്തിന്‍റെ പ്രവൃത്തിയിൽ അക്കാദമി റോക്കിനോട് നേരിട്ട് ക്ഷമാപണം നടത്തി.
മികച്ച ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം പ്രഖ്യാപിക്കുന്ന സമയത്താണ് അവതാരകൻ ക്രിസ് റോക്ക് സ്‌മിത്തിന്‍റെ ഭാര്യയുടെ രോഗത്തെ കുറിച്ച് തമാശ പറഞ്ഞത്. വർഷങ്ങളായി സ്‌മിത്തിന്‍റെ ഭാര്യ ജാഡ സ്‌മിത്ത് *അലോപേഷ്യ രോഗിയാണ്. ഇതാണ് സ്‌മിത്തിനെ ചൊടിപ്പിച്ചത്.
തുടർന്ന് വേദിയിലേക്ക് കടന്നുചെന്ന് ക്രിസ് റോക്കിന്‍റെ മുഖത്ത് അടിക്കുകയായിരുന്നു. തിരികെ വന്നിരുന്ന സ്‌മിത്ത് 'എന്‍റെ ഭാര്യയുടെ പേര് നിന്‍റെ വായ കൊണ്ട് പറയരുത്' എന്ന് താക്കീതും ചെയ്‌തു.
അവാർഡ് ഏറ്റുവാങ്ങിയ ശേഷം പൊട്ടിക്കരഞ്ഞുകൊണ്ട് സ്‌മിത്ത് അക്കാദമിയോട് മാപ്പപേക്ഷിച്ചു. സമൂഹ മാധ്യമങ്ങളിലൂടെയും നടൻ മാപ്പപേക്ഷ നടത്തി. ‘അക്രമം ഒരിക്കലും നടക്കാൻ പാടില്ലാത്തതും വിനാശകരവുമാണ്. ഓസ്‌കർ ചടങ്ങിനിടെ എന്റെ ഭാഗത്ത് നിന്നുമുണ്ടായ പ്രവർത്തനങ്ങൾക്ക് ഒരു ന്യായീകരണവുമില്ല. ഭാര്യയ്‌ക്ക് നേരെയുള്ള പരാമർശത്തിൽ വികാരത്തോടെ പെരുമാറി. ജാഡയുടെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള തമാശ എനിക്ക് അംഗീകരിക്കാനായില്ല. തീർത്തും തെറ്റായിരുന്നു. അതിന് ഞാൻ എല്ലാവരോടും പരസ്യമായി മാപ്പ് ചോദിക്കുന്നു. സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും ലോകത്ത് അക്രമത്തിന് സ്ഥാനമില്ല’ എന്ന് സമൂഹ മാധ്യമത്തിൽ വിൽ സ്‌മിത്ത് കുറിച്ചു.
*അലോപേഷ്യ:- ജനിതക ചരിത്രം, ഹോർമോൺ മാറ്റങ്ങൾ തുടങ്ങിയവ കാരണം മുടി കൊഴിയുന്ന രോഗാവസ്ഥയാണിത്. രോഗപ്രതിരോധ സംവിധാനം രോമകൂപങ്ങളെ ആക്രമിക്കുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യും. ഈ അവസ്ഥ സാധാരണയായി തലയേയും മുഖത്തെയും ബാധിക്കുന്നു.
Also Read: മുഖത്തടിച്ച സംഭവം: ക്രിസ് റോക്കിനോട് പരസ്യമായി മാപ്പപേക്ഷിച്ച് വില്‍ സ്‌മിത്ത്