റിയാദ്: യുഎഇയിൽ സൗദിയുടെ എണ്ണക്കപ്പലുകൾക്കും സൗദി എണ്ണ വിതരണ കേന്ദ്രങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിൽ അടിയന്തര ജിസിസി ഉച്ചകോടി വിളിച്ച് സൗദി. ഈ മാസം 30ന് മക്കയിലാണ് ജിസിസി കൂട്ടായ്മയുടെ അടിയന്തര ഉച്ചകോടി ചേരുന്നത്. ആക്രമണങ്ങൾ സാമ്പത്തികമേഖലയെ ബാധിക്കുന്ന സാഹചര്യമാണുള്ളതെന്നും ഇറാനുമായി യുദ്ധത്തിന് താൽപര്യമില്ലെന്നും സൗദി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിനെതിരെയുള്ള ഏത് ആക്രമണത്തെയും ശക്തമായി നേരിടാൻ തയാറാണെന്നും ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യസുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈറിൻ പറഞ്ഞു. ഇറാൻ യുദ്ധം സൃഷ്ടിക്കാനാണ് ശ്രമം. അത് സൗദി ആഗ്രഹിക്കുന്നില്ല. യുദ്ധം ഒഴിവാക്കാൻ വേണ്ടത് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇറാൻ യുദ്ധം തെരഞ്ഞെടുത്താല്‍ ഞങ്ങള്‍ തിരിച്ചടിക്കുമെന്നും സൗദി വിദേശകാര്യ മന്ത്രി വ്യക്തമാക്കി. സൗദി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സുരക്ഷാ പ്രശ്നങ്ങൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപെയോയുമായി ഫോണിൽ ചർച്ച നടത്തി.