വാഷിങ്ടണ്‍: 2015ല്‍ ഇറാനുമായി അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങള്‍ ഒപ്പിട്ട ആണവകരാര്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമത്തെ വിമര്‍ശിച്ച് ഇസ്രയേല്‍. ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വന്നപ്പോള്‍ 2015ല്‍ ഒപ്പിട്ട ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരുന്നു.
ധാരണയായികൊണ്ടിരിക്കുന്ന പുതിയ ആണവകരാര്‍ 2015ലെ കരാറിനേക്കാളും ദുര്‍ബലമാണെന്നും മധ്യപൂര്‍വേഷ്യയെ കൂടുതല്‍ ദുര്‍ബലമാക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്ത്താലി ബെന്നെറ്റ് പറഞ്ഞു. അമേരിക്കയിലെ വിവിധ ജൂത സംഘടന നേതാക്കളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ദുര്‍ബല' കരാര്‍ മധ്യ പൂര്‍വേഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് വാദം
ആണവായുധം നിര്‍മിക്കുന്നതിനാവശ്യമായ യുറേനിയം സമ്പുഷ്ടീകരണം ഇറാന്‍ നിര്‍ത്തുകയാണെങ്കില്‍ രാജ്യത്തിനെതിരെ ചുമത്തിയ സാമ്പത്തിക ഉപരോധം പിന്‍വലിക്കാം എന്നായിരുന്നു 2015ലെ കരാര്‍. ഈ കരാറിനെയും ഇസ്രയേല്‍ രൂക്ഷമായി എതിര്‍ത്തിരുന്നു. കൂടുതല്‍ ശക്തമായ നിലപാടുകള്‍ ഇറാന്‍റെ ആണവ പദ്ധതികളുമായി ബന്ധപ്പെട്ട് അമേരിക്കയടക്കമുള്ള ലോക ശക്തികള്‍ എടുക്കണമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞു.
പുതിയകരാര്‍ ഉണ്ടാകുന്നതിന് മുമ്പുള്ള ഈ കാലയളവില്‍ ആണവായുധം നിര്‍മിക്കാന്‍ ഉതകുന്ന യുറേനിയം സമ്പുഷ്ടീകരണത്തിലേക്ക് ഇറാന്‍ മുന്നേറിയെന്നും നെഫ്ത്താലി ബെന്നെറ്റ് ആരോപിച്ചു. 2015ലെ കരാറിന്‍റെ അടിസ്ഥാനത്തിലാണെങ്കില്‍ യുറേനിയം സമ്പുഷ്ടീകരണത്തിന് ഏര്‍പ്പെടുത്തിയ 10 വര്‍ഷത്തെ നിരോധനം 2025ല്‍ അവസാനിക്കുന്നു എന്നുള്ളത് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
'ഇറാന്‍ ആണവ ശക്തിയാവുന്നത് എന്ത് വിലകൊടുത്തും തടയും'
സാമ്പത്തിക ഉപരോധം പിന്‍വലിച്ചാല്‍ ലഭിക്കുന്ന ദശകോടി ഡോളറുകള്‍ ഉപയോഗിച്ച് ഇറാന്‍ ഇസ്രയേല്‍ വിരുദ്ധ ശക്തികളായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളെ പരിപോഷിപ്പിക്കുമെന്നും ബെന്നെറ്റ് പറഞ്ഞു . ഇറാന്‍ ആണവായുധ ശക്തിയാകുന്നത് എന്ത് വിലകൊടുത്തും ഇസ്രയേല്‍ തടയും. ഇതിന് പുതിയ കരാര്‍ ഇസ്രയേലിനെ സംബന്ധിച്ച് ഒരു തടസമാകില്ല. സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ടെന്നും നെഫ്ത്താലി ബെന്നെറ്റ് പറഞ്ഞു.
ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന വ്യവസ്ഥകള്‍ പുതിയ കരാറില്‍ വേണമെന്നാണ് ഇസ്രയേല്‍ ആവശ്യപ്പെടുന്നത്. ഇറാന്‍റെ ദീര്‍ഘദൂര മിസൈല്‍ വികസനം പദ്ധതി, ഹിസ്ബുല്ല പോലുള്ള ശക്തികളെ ആ രാജ്യം സഹായിക്കുന്നത് എന്നിവ തടയുന്ന വ്യവസ്ഥകള്‍ കരാറില്‍ വേണം. അനന്തമായി വ്യവസ്ഥകള്‍ നടപ്പാക്കുന്ന സാഹചര്യം ഇറാന്‍റെ ഭാഗത്തുനിന്നുണ്ടായാല്‍ സൈനിക നടപടിയുണ്ടാകുമെന്നുള്ള ഭീഷണിയും ഇറാന് നല്‍കണമെന്ന് ഇസ്രയേല്‍ ആവശ്യപ്പെടുന്നു.
ട്രംപിന്‍റെ തീരുമാനം പുനഃപരിശോധിച്ച് ബൈഡന്‍
ഇസ്രയേല്‍ പ്രധാനമന്ത്രിയായിരുന്നു ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം 2018ല്‍ ഇറാനുമായുള്ള ആണവ സമ്പുഷ്ടീകരണവുമായി ബന്ധപ്പെട്ട കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്‍മാറുന്നത്. എന്നാല്‍ ജോബൈഡന്‍ അധികാരത്തില്‍ വന്നതോടുകൂടി കരാര്‍ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു. ഐക്യരാഷ്ട രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങളായ അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളും ജര്‍മനിയുമാണ് ഇറാനുമായി കരാറില്‍ ഒപ്പിട്ടത്.
അമേരിക്ക കരാറില്‍ നിന്ന് ഏക പക്ഷീയമായി പിന്‍മാറിയതോടെ ഇറാന്‍ കരാറിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ അളവ് വര്‍ധിപ്പിച്ചു. കരാറില്‍ നിന്ന് പിന്‍മാറിയതിന് ശേഷം കടുത്ത ഉപരോധം ഇറാനെതിരെ അമേരിക്ക ചുമത്തി. ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ അളവ് 60 ശതമാനം വരെ എത്തിച്ചിരുന്നു. ആണവായുധം നിര്‍മ്മിക്കുന്നതിന് യുറേനിയം 90 ശതമാനമാണ് സമ്പുഷ്ടീകരിക്കേണ്ടത്.
പന്ത് പാശ്ചത്യ ശക്തികളുടെ കോര്‍ട്ടിലെന്ന് ഇറാന്‍
കരാര്‍ പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായുള്ള ചര്‍ച്ച നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെന്ന് ജര്‍മന്‍ ചാന്‍സിലര്‍ ഒലാഫ് ഷോല്‍ട്‌സ് മ്യൂണിക് സുരക്ഷ കോണ്‍ഫറന്‍സില്‍ പറഞ്ഞു. അതേസമയം യുറേനിയം സമ്പുഷ്ടീകരണത്തിന്‍റെ അളവ് വര്‍ധിപ്പിച്ചതിനെയും യുഎന്‍ ആണവ ഏജന്‍സിയുടെ പരിശോധന നിയന്ത്രിച്ചതിനെയും അദ്ദേഹം ഇറാനെ വിമര്‍ശിച്ചു. എന്നാല്‍ വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടത് പാശ്ചാത്യ ശക്തികളാണെന്നും പന്ത് അവരുടെ കോര്‍ട്ടിലാണെന്നുമാണ് ഇറാന്‍ പ്രതികരിച്ചത്.
അതേസമയം കരാറില്‍ എത്തികഴിഞ്ഞാല്‍ അതില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറപ്പ് അമേരിക്കയടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് വാങ്ങണമെന്ന് ഇറാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയിസിയോട് ആവശ്യപ്പെട്ടു.
ALSO READ: യുക്രൈൻ പ്രതിസന്ധി : പൗരന്മാര്‍ രാജ്യം വിടണമെന്ന് നിര്‍ദേശം നല്‍കി ഇന്ത്യന്‍ എംബസി