ജെറുസലേം: കിഴക്കൻ ജെറുസലേമിലെ ഷെയ്‌ഖ് ജറാ പ്രദേശത്ത് തിങ്കളാഴ്‌ച സുരക്ഷാസേനയുമായും ഇസ്രയേൽ പൗരൻമാരുമായും ഉണ്ടായ ഏറ്റുമുട്ടലിൽ 20 പലസ്‌തീന്‍ പൗരന്‍മാർക്ക് പരിക്ക്. സംഭവത്തിൽ രണ്ട് പലസ്‌തീനികൾ അറസ്‌റ്റിലായതായാണ് റിപ്പോർട്ടുകൾ. ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിന് സമ്മതിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് വീണ്ടും സംഘർഷം.
വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് പലസ്‌തീനികളും ഇസ്രയേൽ പൊലീസും തമ്മിൽ ടെമ്പിൾ മൗണ്ടിൽ സംഘർഷം ഉണ്ടായി. ഈ സംഘർഷത്തിൽ ഒൻപത് പേർക്ക് പരിക്കേൽക്കുകയും മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. മെയ് 21നാണ് ഇരു രാജ്യങ്ങളും വെടിനിർത്തൽ കരാറിന് സമ്മതിച്ചത്. എന്നാൽ ജൂൺ 16ന് വെടിനിർത്തൽ കരാർ ലംഘിക്കപ്പെടുകയും ചെയ്‌തു.
ഗസ ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 11 ദിവസം നീണ്ടു നിന്ന ഇസ്രയേലും ഹമാസും തമ്മിലുണ്ടായ സംഘർഷത്തിൽ 66 കുട്ടികളടക്കം 253 പലസ്‌തീനികളാണ് കൊല്ലപ്പെട്ടത്. അഞ്ചു വയസുള്ള ഒരു കുട്ടിയും ഒരു സൈനികനും ഉൾപ്പെടെ 13 ഇസ്രായേലികളും കൊല്ലപ്പെട്ടു.
Also Read: ഇസ്രായേലുകാരന്‍റെ കൊലപാതകം; അറബ് പൗരൻമാർ അറസ്റ്റില്‍