ന്യൂഡൽഹി: വിവാദ വ്യവസായി മെഹുൽ ചോക്‌സി സ്വന്തം ഇഷ്ടപ്രകാരം ഡൊമിനിക്കയിലേക്ക് പോയതല്ലെന്നും അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്നും മെഹുല്‍ ചോക്സിയുടെ അഭിഭാഷകൻ വിജയ് അഗർവാൾ. നിയമപരമായാണോ മെഹുല്‍ ചോക്സി ഡൊമിനിക്കയില്‍ പ്രവേശിച്ചത്, അദ്ദേഹത്തെ കസ്റ്റഡിയില്‍ വയ്‌ക്കാൻ പൊലീസിന് അധികാരമുണ്ടോ എന്നീ വിഷയങ്ങളാണ് കോടതിയുടെ പരിഗണനയിലുള്ളതെന്നും വിജയ് അഗർവാള്‍ പറഞ്ഞു. അല്ലാതെ അദ്ദേഹത്തെ നാടുകടത്തണോയെന്നത് കോടതി പരിഗണിക്കുന്ന വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൊമിനിക്കൻ നിയമപ്രകാരം അറസ്റ്റിലായ ഒരാളെ 72 മണിക്കൂറിനുള്ളിൽ കോടതിയിൽ ഹാജരാക്കേണ്ടതുണ്ട്. എന്നാല്‍ അത് പാലിക്കപ്പെട്ടിരുന്നില്ല എന്നും അഗർവാൾ പറഞ്ഞു. അതിനാൽ ഡൊമിനിക്ക സമയം വൈകുന്നേരം നാല് മണിക്ക് ചോക്സിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്വന്തം ഇഷ്ടപ്രകാരമല്ല ചോക്സി ഡൊമനിക്കയില്‍ പ്രവേശിച്ചതെന്നും തട്ടിക്കൊണ്ടുവന്നതാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ഡൊമിനിക്കയുടെ പാസ്‌പോർട്ട്, ഇമിഗ്രേഷൻ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം, അദ്ദേഹം ഒരു നിരോധിത കുടിയേറ്റക്കാരനല്ല. മാത്രമല്ല ചോക്സി ഒരു കുറ്റവും ചെയ്തിട്ടില്ല. അങ്ങനെയൊരാളെ അറസ്റ്റ് ചെയ്യാൻ ഡൊമിനിക്ക പൊലീസിന് കഴിയില്ലെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
പഞ്ചാബ് ബാങ്കില്‍ നിന്നും 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ മെഹുൽ ചോക്സി കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് രാജ്യം വിട്ടത്. മെയ് 27നാണ് ഡൊമിനിക്കയിൽ വച്ച് മെഹുൽ ചോക്സി പിടിക്കപ്പെട്ടത്. പിഎൻബി വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിബിഐയും എൻഫോഴ്‌സ്മെന്‍റ് ഡറക്ടറേറ്റും ചോക്‌സിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐ, ഇഡി, എംഇഎ, സിആർപിഎഫ് എന്നിവയുടെ എട്ട് അംഗ സംഘം ശനിയാഴ്ച മുതൽ ഡൊമിനിക്കയിൽ തമ്പടിക്കുന്നുണ്ട്.
also read: മെഹുല്‍ ചോക്സിയെ ജയില്‍ മോചിതനാക്കാൻ വൻ പദ്ധതികള്‍