വിയന്ന: വിയന്നയിൽ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. 20കാരനായ ഓസ്ട്രിയൻ പൗരനാണ് തിങ്കളാഴ്ച മധ്യ വിയന്നയിൽ അക്രമം അഴിച്ചുവിട്ടത്. ഇയാൾ ഐഎസിൽ ചേരാൻ സിറിയയിലേക്ക് പോകാനുള്ള ശ്രമത്തിലായിരുന്നുവെന്ന് ഓസ്ട്രിയ ആഭ്യന്തര മന്ത്രി കാൾ നെഹമ്മർ പറഞ്ഞു. ഓട്ടോമാറ്റിക് റൈഫിൾ, പിസ്റ്റൾ, മാച്ചെറ്റ് എന്നിവ ഇയാളുടെ കൈവശം ഉണ്ടായിരുന്നു.
തിങ്കളാഴ്ച ഓസ്ട്രിയൻ തലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സിറിയയിലേക്ക് കടക്കാൻ ശ്രമിച്ചതിന് നേരത്തെ ഇയാൾക്ക് 22 മാസത്തെ ജയിൽ ശിക്ഷ വിധിച്ചിരുന്നു. നിരീക്ഷണത്തിലുള്ള ഒരു വ്യക്തി ഇത്തരത്തിലൊരു ആക്രമണം നടത്തിയത് എങ്ങനയെന്ന് വ്യക്തമല്ലെന്നും കാൾ നെഹമ്മർ പറഞ്ഞു.