ബെര്‍ലിന്‍: ജര്‍മനിയിലുള്ള നാലിലൊന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളായ രണ്ട് നിയമനിര്‍മാതാക്കളാണ് വിമര്‍ശനമുന്നയിച്ചത്. 34500 യുഎസ് സൈനികരാണ് നിലവില്‍ ജര്‍മനിയിലുള്ളത്. എന്നാല്‍ സൈനികരുടെ എണ്ണം 9500 ആയി കുറക്കണമെന്നാണ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് പെന്‍റഗണിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാറ്റോ സഖ്യവുമായി ബന്ധപ്പെട്ടാണ് അമേരിക്കന്‍ സൈന്യം ജര്‍മനിയില്‍ വിന്യസിച്ചിരുന്നത്. തീരുമാനം ഖേദകരമാണെന്ന് ചാന്‍സലര്‍ ആഞ്ചേല മെര്‍ക്കലിന്‍റെ സെന്‍റര്‍ റൈറ്റ് യൂണിയന്‍ അംഗവും പാര്‍ലമെന്‍റ് വിദേശ നയ സമിതിയുടെ അധ്യക്ഷനുമായ നോര്‍ബെര്‍ട്ട് റോയിട്ടിജെന്‍ വ്യക്തമാക്കി.
ജര്‍മനിയുടെ ഫങ്കെ മീഡിയാ ഗ്രൂപ്പ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പ്രസ്‌താവനയുള്ളത്. സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ വസ്‌തുതാപരമായ ഒരു കാരണവും കാണാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാറ്റോ സഖ്യകക്ഷികളോടു പോലും ചോദിക്കാതെയുള്ള തീരുമാനം നേതൃത്വ ചുമതലകള്‍ പോലും പാലിക്കാത്ത ട്രംപ് ഭരണകൂടത്തെയാണ് കാണിക്കുന്നതെന്ന് യൂണിയന്‍ പാര്‍ലമെന്‍ററി ഗ്രൂപ്പ് ഡെപ്യൂട്ടി ചെയര്‍മാന്‍ ജൊഹാന്‍ വാഡെഫുള്‍ പറഞ്ഞു.