കീവ് (യുക്രൈന്‍): റഷ്യ യുക്രൈനോട് യുദ്ധം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ യുക്രൈന്‍ തലസ്ഥാനമായ കീവിലെ പ്രധാന വിമാനത്താവളത്തിന് സമീപം ഒന്നിലധികം സ്ഫോടന ശബ്‌ദം കേട്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തലസ്ഥാനത്തിന്‍റെ കിഴക്കുള്ള ബോറിസ്‌പില്‍ മേഖലയില്‍ നിരവധി സ്ഫോടനങ്ങൾ നടന്നതായാണ് റിപ്പോർട്ടുകൾ.
വ്യാഴാഴ്‌ച പുലർച്ചെ രണ്ട് വലിയ സ്ഫോടനങ്ങള്‍ നടന്നതായി അമേരിക്കന്‍ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഇന്ത്യൻ സമയം 8.30ഓടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. ഡോൺബാസ് മേഖലയിൽ സൈനിക ഓപ്പറേഷൻ പ്രഖ്യാപിച്ച പുടിൻ, റഷ്യയുടെ നടപടിയില്‍ ഇടപെടാനുള്ള ഏതൊരു ശ്രമവും കനത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് ലോക രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
യുക്രൈന്‍റെ ആക്രമണങ്ങള്‍ പ്രതിരോധിക്കുന്നതിനാണ് സൈനിക നടപടിയെന്നാണ് റഷ്യയുടെ അവകാശവാദം. എട്ട് വർഷമായി യുക്രൈന്‍ ഭരണകൂടത്തിന്‍റെ പീഡനം അനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിനാണ് സൈനിക നീക്കമെന്നും റഷ്യന്‍ പ്രസിഡന്‍റ് വാദിക്കുന്നു. യുക്രൈന്‍ സൈന്യത്തോട് ആയുധം താഴെവയ്ക്കാനും റഷ്യ ആവശ്യപ്പെട്ടു.
അതേസമയം, റഷ്യന്‍ നടപടിയെ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ അപലപിച്ചു. വൈറ്റ് ഹൗസിൽ നിന്ന് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും മറ്റ് ജി 7 നേതാക്കളുമായി ഉടൻ കൂടിക്കാഴ്‌ച നടത്തുമെന്നും അമേരിക്കന്‍ പ്രസിഡന്‍റ് വ്യക്തമാക്കി.
Also read: റഷ്യ - യുക്രൈൻ യുദ്ധം: കാരണം, ലോകരാജ്യങ്ങളുടെ നിലപാട്: വിശദമായി അറിയാം