തിരുവനന്തപുരം: ആംബുലൻസുകളെ പലപ്പോഴും തടഞ്ഞു നിർത്തി ചോദ്യം ചെയ്യാറില്ലെന്ന ആക്ഷേപമുണ്ടെന്നും ഇത് പരിഹരിക്കാൻ പരിശോധനകൾ കർശനമാക്കുമെന്നും ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ആംബുലൻസുകള്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുന്നത് തടയാനാണ് നടപടി. ആംബുലൻസിനോട് എങ്ങോട്ടേക്ക് പോകുന്നുവെന്ന് പെട്ടെന്ന് ചോദിക്കും.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക്
ചോദിച്ച് മനസിലാക്കിയ ശേഷം നിമിഷങ്ങൾക്കകം വാഹനം വിടും. പിന്നാലെ പരിശോധനയ്ക്കായി ആശുപത്രിയിൽ കാത്തിരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് മന്ത്രിയുടെ പരാമര്‍ശം.
ആംബുലൻസുകളെ വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി സമൂഹത്തിലുണ്ട്. ഇത് പരിഹരിക്കപ്പെടണം. മിന്നൽ പരിശോധനകളുണ്ടാകും. രോഗിക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയിലാകും ഇത്തരം പരിശോധനയെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ലൈസൻസ് / ആർ സി ബുക്ക് എന്നിവയുടെ അച്ചടി ഗതാഗത വകുപ്പ് ഏറ്റെടുക്കും
സ്വകാര്യ കരാർ ഏജൻസിയെ ഒഴിവാക്കി ലൈസൻസ് / ആർ സി ബുക്ക് അച്ചടി ഗതാഗത വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ വ്യക്തമാക്കി. ജൂലൈ മാസം വരെയുള്ള കുടിശിക തീർത്തു നൽകിയതാണ്. അച്ചടി വീണ്ടും കൃത്യമായി നടക്കാത്ത സാഹചര്യമാണ്. വീണ്ടും പണം ആവശ്യപ്പെട്ട് ഏജൻസി കത്ത് നൽകിയിട്ടുണ്ട്.
അച്ചടി പൂർത്തിയാക്കിയിട്ട് കുടിശിക നൽകാമെന്ന നിലപാടാണ് ഗതാഗത വകുപ്പ് സ്വീകരിച്ചത്. എത്ര പറഞ്ഞിട്ടും കരാറുകാരന് വിഷയത്തിന്‍റെ പ്രാധാന്യം മനസിലാകുന്നില്ല. ഗതാഗത വകുപ്പ് തന്നെ അച്ചടിച്ച് തയ്യാറാകുന്ന ലൈസൻസും ആർസി ബുക്കുകളും കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് വഴി എത്തിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
Also Read: ആംബുലന്‍സ് സര്‍വീസുകളില്‍ വ്യാപക ക്രമക്കേട്; നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്