ന്യൂഡൽഹി: പാരീസ് പാരാലിമ്പിക്‌സ് ബാഡ്‌മിന്‍റണ്‍ മെഡൽ ജേതാക്കളെ ആദരിക്കുമെന്ന് ഇന്ത്യൻ ബാഡ്‌മിന്‍റണ്‍ അസോസിയേഷൻ പ്രസിഡന്‍റും അസം മുഖ്യമന്ത്രിയുമായ ഡോ. ഹിമന്ത ബിശ്വ ശർമ അറിയിച്ചു. താരങ്ങള്‍ക്ക് 50 ലക്ഷം രൂപം പാരിതോഷികമായി നല്‍കും. ഒരു സ്വർണം, രണ്ട് വെള്ളി, രണ്ട് വെങ്കലവുമടക്കം അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്.
പുരുഷ സിംഗിൾസ് എസ്.എല്‍ 3 വിഭാഗത്തിൽ നിതേഷ് കുമാർ സ്വർണം നേടിയപ്പോൾ സുഹാസ് യതിരാജ് (പുരുഷ സിംഗിൾസ് എസ്.എല്‍ 4) വെള്ളി കരസ്ഥമാക്കി. തുളസിമതി മുരുകേശൻ, മനീഷ രാമദാസ്, നിത്യ ശ്രീ ശിവൻ എന്നിവർ പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷട്ടർമാരായി ചരിത്രം സൃഷ്ടിച്ചു. വനിതകളുടെ എസ്.യു 5 സിംഗിൾസിൽ തുളസിമതി വെള്ളിയും മനീഷ വെങ്കലവും നേടി. എസ്എച്ച്6 വിഭാഗത്തിൽ നിത്യ വെങ്കലം നേടി.
സ്വർണമെഡൽ ജേതാവ് നിതേഷിന് 15 ലക്ഷം രൂപയും വെള്ളി മെഡൽ നേടിയ സുഹാസിനും തുളസിമതിക്കും 10 ലക്ഷം രൂപ വീതവും വെങ്കലം നേടിയ മനീഷയ്ക്കും നിത്യയ്ക്കും 7.5 ലക്ഷം രൂപ വീതവും ലഭിക്കും. ഇന്ത്യൻ പാരാ ബാഡ്‌മിന്‍റണ്‍ കളിക്കാർ ലോക വേദിയിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും അസോസിയേഷൻ സെക്രട്ടറി ജനറൽ സഞ്ജയ് മിശ്ര പറഞ്ഞു.
Also Read: ചെസ് ഒളിമ്പ്യാഡ് സുവർണ ജേതാക്കള്‍ക്ക് ചെന്നൈയില്‍ ഗംഭീര വരവേല്‍പ്പ് - Chess Olympiad 2024