ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമം. ഇതിഹാസ സംവിധായകന്‍ മണിരത്‌നവും ഉലകനായകന്‍ കമല്‍ ഹാസനും വീണ്ടും ഒന്നിക്കുകയാണ്. അതും നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം. 'തഗ് ലൈഫി'ലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.
കമല്‍ ഹാസനെ നായകനാക്കി മണി രത്നം സംവിധാനം ചെയ്യുന്ന 'തഗ് ലൈഫി'ന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. 'തഗ് ലൈഫി'ന്‍റെ ചിത്രീകരണം പൂർത്തിയായ വിവരം നിർമ്മാതാക്കൾ തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാന്‍ഡിലിലൂടെ ആരാധകരുമായി പങ്കുവച്ചു.
പ്രഖ്യാപനം മുതല്‍ മാധ്യമശ്രദ്ധ നേടിയ സിനിമയുടേതായി ഇതുവരെ പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. പുതിയ അപ്‌ഡേറ്റും ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്.
കമല്‍ ഹാസന്‍ നായകനായി എത്തുമ്പോള്‍ തൃഷ, അഭിരാമി, ഐശ്വര്യാ ലക്ഷ്‌മി, ജോജു ജോർജ്, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്‌ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നുണ്ട്. ചിമ്പുവും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തും.
കമല്‍ ഹാസന്‍റെ രാജ്‌കമല്‍ ഫിലിംസും, മണി രത്നത്തിന്‍റെ മദ്രാസ് ടാക്കീസും, ഉദയനിധി സ്‌റ്റാലിന്‍റെ റെഡ് ജയന്‍റ് മൂവീസും സംയുക്തമായാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ കമല്‍ ഹാസന്‍ അവതരിപ്പിക്കുന്നത്.
മണി രത്‌നത്തിനൊപ്പം പതിവ് സഹപ്രവർത്തകരായ സംഗീത സംവിധായകൻ എആർ റഹ്‌മാനും എഡിറ്റർ ശ്രീകർ പ്രസാദും ഈ ചിത്രത്തിലും ഒരുമിക്കുന്നുണ്ട്. രവി കെ ചന്ദ്രന്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചു. പിആർഒ - പ്രതീഷ് ശേഖർ.