സംഗീത് ശിവന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ 'യോദ്ധ' എന്ന സിനിമയെ മലയാളികൾ അത്രപ്പെട്ടെന്ന് വിസ്‌മരിക്കില്ല. തൈപ്പറമ്പിൽ അശോകനും, അരശുംമൂട്ടിൽ അപ്പുക്കുട്ടനും, അശ്വതിയും ഒക്കെ മലയാളി മനസ്സിൽ ഇന്നും നര ബാധിച്ചിട്ടില്ലാത്ത മധുര ഓർമ്മകളാണ്. നേപ്പാളിന്‍റെ വശ്യ സൗന്ദര്യം ഇത്രയും മനോഹരമായി ഒപ്പിയെടുത്ത മറ്റൊരു മലയാള സിനിമ വേറെയില്ല എന്ന് തന്നെ പറയാം.
ലോകനിലവാരമുള്ള ഛായാഗ്രഹണം ആയിരുന്നു സന്തോഷ് ശിവന്‍റേത്. ചിത്രം ഇറങ്ങി 32 വർഷങ്ങൾ പിന്നിടുമ്പോള്‍ 'യോദ്ധ'യുടെ ചിത്രീകരണം നടന്ന നേപ്പാളിലെ അതേ ലൊക്കേഷനിൽ എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സായ മലയാളി ദമ്പതികൾ. 'യോദ്ധ'യിലെ ഒരു രംഗം പുനസൃഷ്‌ടിച്ച് ശ്രദ്ധ യാകർഷിക്കുകയാണ് മലയാളി ദമ്പതികളായ അയ്നോഷ് മൈക്കളും ഭാര്യ നിയ ജോസഫും. ദമ്പതികളുടെ സുഹൃത്ത് അരുണിന്‍റെ പ്രകടനവും വീഡിയോയിൽ ശ്രദ്ധേയമാണ്.
അയ്നോഷും നിയയും ജീവിതത്തിൽ ഏറെ ഇഷ്‌ടപ്പെടുന്നത് യാത്രകളെയാണ്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളും ഇതിനോടകം തന്നെ ഇരുവരും സന്ദർശിച്ചു കഴിഞ്ഞു. യാത്ര ചെയ്യാൻ ഒരു സ്ഥലം തിരഞ്ഞെടുത്താല്‍, അവിടെ ഏതെങ്കിലും സിനിമയുടെ ലൊക്കേഷൻ ഉണ്ടായിരുന്നോ എന്ന് ഉറപ്പുവരുത്തും. അങ്ങനെ ഉണ്ടെങ്കിൽ ആ സ്ഥലത്ത് ചിത്രീകരിച്ച സിനിമയുടെ സീൻ അതുപോലെ റീ ക്രീയേറ്റ് ചെയ്‌ത് സോഷ്യൽ മീഡിയയില്‍ പോസ്‌റ്റ് ചെയ്യും.
ദമ്പതികള്‍ നേപ്പാൾ യാത്ര പ്ലാൻ ചെയ്‌തപ്പോൾ, 'യോദ്ധ'യിലെ ഏതെങ്കിലും ഒരു രംഗം ചിത്രീകരിച്ച ലൊക്കേഷനിൽ പോയി, ആ രംഗം റീക്രിയേറ്റ് ചെയ്യണമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. കുട്ടി മാമയുടെ വീട്ടിൽ തൈപ്പറമ്പിൽ അശോകനായി ആൾമാറാട്ടം നടത്തി അരശുംമൂട്ടിൽ അപ്പുക്കുട്ടൻ കയറിപ്പറ്റിയതോടെ പാവം അശോകൻ വഴിയാധാരമാകുന്ന രംഗമുണ്ട് 'യോദ്ധ'യില്‍. ശ്രീബുദ്ധനോട് തന്‍റെ വിഷമം പുലമ്പി തിരിയുമ്പോൾ അശ്വതിയുമായി കൊഞ്ചിക്കുഴഞ്ഞ് വരുന്ന അപ്പുക്കുട്ടനെ കാണുന്ന രംഗമാണ് ഇവര്‍ റീക്രിയേറ്റ് ചെയ്‌തത്.
Also Read: 31 Years Of Yodha Movie : 'കുട്ടിമാമാ ഞാന്‍ ഞെട്ടി മാമാ' ; 'യോദ്ധാ'യുടെ 31 വർഷങ്ങൾ
കൃത്യമായ ലൊക്കേഷൻ കണ്ടെത്തി ദമ്പതികള്‍ ഈ രംഗം മനോഹരമായി റീക്രിയേറ്റ് ചെയ്‌തു. അശോകനായി അയ്നോഷും, അപ്പുക്കുട്ടനായി സുഹൃത്ത് അരുണയും അശ്വതിയായി നിയയുമാണ് റീക്രിയേറ്റ് ചെയ്‌ത ഈ രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്.
നേപ്പാളിലെ കാഠ്‌മണ്ഡുവില്‍ സ്ഥിതി ചെയ്യുന്ന സ്വയാമ്പു മഹാചൈത്യ എന്ന ക്ഷേത്രത്തിലാണ് പ്രശസ്‌തമായ ഈ രംഗം സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്. ഒരു സീനിൽ പരമാവധി രണ്ടു പേർ വരുന്നത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും മാറിമാറി ക്യാമറ കൈകാര്യം ചെയ്‌താണ് മൂവരും രംഗം ചിത്രീകരിച്ചത്.
'യോദ്ധ'യിലെ ഈ രംഗം റീക്രിയേറ്റ് ചെയ്‌തതിനെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് അയ്നോഷ്. 32 വർഷങ്ങൾക്കു മുമ്പ് സിനിമയിൽ കണ്ട സ്ഥലം ഏകദേശം അതുപോലെ ഒക്കെ ഉണ്ടെന്നാണ് അയ്നോഷ് പറയുന്നത്. 'അന്ന് സിനിമയിൽ കണ്ട മരങ്ങളൊക്കെ വളർന്നു വലുതായി. പല വിഗ്രഹങ്ങളുടെയും മുഖമെഴുത്ത് മാറിയിട്ടുണ്ട്. തറയൊക്കെ ഉയരം കൂടി. പിന്നിൽ കാണുന്ന കെട്ടിടം പുനരുദ്ധരിച്ച് മികച്ചതാക്കിയിട്ടുണ്ട്. മാറ്റങ്ങൾ വലുതാണെങ്കിലും പക്ഷേ കാഴ്‌ചയിൽ ഒറ്റനോട്ടത്തിൽ തന്നെ മലയാളിക്ക് സ്ഥലം പിടികിട്ടും.' -അയ്നോഷ് പറഞ്ഞു.
സിനിമയിൽ ഈ രംഗം ചിത്രീകരിച്ചിരിക്കുന്ന അതേ ആംഗിളിലും രീതിയിലും തന്നെയാണ് അയ്നോഷും സംഘവും വീഡിയോ ചെയ്‌തിരിക്കുന്നത്. കൊച്ചി കുമ്പളങ്ങി സ്വദേശികളാണ് അയ്നോഷും ഭാര്യ നിയയും. അയ്നോഷ് എറണാകുളത്ത് അഡ്വക്കേറ്റ് ആയി പ്രാക്‌ടീസ് ചെയ്യുന്നു. നിയ ഗവേഷണ വിദ്യാർത്ഥിയുമാണ്.
Also Read: കൊടുമണ്‍ പോറ്റിയും വാലിഭനും നജീബും; റാഷിദ് സുലൈമാൻ - ചെക്കൻ പുലിയാണ് കേട്ടാ - Artist Rashid Sulaiman