ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലിയില്‍ വിമുക്ത ഭടന്‍ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറില്‍ വേവിച്ച കേസില്‍ തെളിവുകള്‍ കണ്ടെത്താനാകാതെ പൊലീസ്. അന്വേഷണം നടത്താൻ രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വിദഗ്‌ധരുമായി രാച്ചകൊണ്ട പൊലീസ് കൂടിയാലോചന നടത്തിവരികയാണ്. സ്‌ത്രീയുടെ മൃതദേഹം ഇതുവരെ കണ്ടെത്താനാകാത്തതാണ് വെല്ലുവിളിയാകുന്നത്.
കേസ് ഇപ്പോഴും തിരോധാനം എന്ന രീതിയിലാണ് അന്വേഷിക്കുന്നതെന്ന് പത്രസമ്മേളനത്തിൽ സംസാരിച്ച രാച്ചകൊണ്ട പൊലീസ് കമ്മീഷണർ ജി സുധീർ ബാബു വ്യക്തമാക്കി. നിലവില്‍ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പൊലീസെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കേസിനെക്കുറിച്ച് കൂടുതല്‍ വിശദീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൃതദേഹം കുളത്തിലെറിഞ്ഞതായി ഭര്‍ത്താവ് ഗുരുമൂർത്തി അവകാശപ്പെടുന്നുണ്ടെങ്കിലും തെളിവുകൾ കണ്ടെത്തുന്നതിനായി ഫോറൻസിക് സംഘങ്ങൾ പരിശ്രമിക്കുകയാണെന്ന് എൽബി നഗർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) പ്രവീൺ പറഞ്ഞു. ശരീരത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയാൽ സ്ഥിരീകരണത്തിനായി ഡിഎൻഎ പരിശോധനകൾ നടത്തുമെന്നും ഡിസിപി വ്യക്തമാക്കി.
സംഭവമിങ്ങനെ:
തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ മീർപേട്ടിലാണ് ക്രൂരകൃത്യം അരങ്ങേറിയത്. വിമുക്ത ഭടനും ഡിആര്‍ടിഒ കാഞ്ചന്‍ബാഗ് കേന്ദ്രത്തിലെ സെക്യൂരിറ്റി ഗാര്‍ഡുമായ ഗുരുമൂര്‍ത്തി ഭാര്യ വെങ്കട മാധവിയെ കാണാനില്ലെന്ന് പറഞ്ഞ് ജനുവരി 18 ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിനിടെയാണ് ഗുരുമൂര്‍ത്തിയില്‍ സംശയം തോന്നി കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. തുടര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയതാണെന്ന് ഇയാൾ സമ്മതിക്കുകയായിരുന്നു.
മൃതദേഹം കഷണങ്ങളാക്കി മുറിച്ച് കുക്കറിൽ വേവിച്ച ചെയ്‌ത ശേഷം ജില്ലേല ഗുഡ കുളത്തിൽ തള്ളിയതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ഗുരു മൂർത്തിയും ഭാര്യയുമായി കഴിഞ്ഞ കുറച്ച് നാളുകളായി വഴക്കുണ്ടായിരുന്നു എന്ന് പൊലീസ് പറയുന്നു. 13 വർഷം മുമ്പാണ് വെങ്കട മാധവിയുടെയും ഗുരു മൂര്‍ത്തിയുടെയും വിവാഹം കഴിയുന്നത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
അതിനിടെ, ക്രൂര കൊലപാതകത്തിന്‍റെ കഥ കേട്ട, ദമ്പതികള്‍ താമസിച്ചിരുന്ന ഫ്ലാറ്റിലെ ചില താമസക്കാർ ഫ്ലാറ്റ് ഒഴിഞ്ഞുപോയി. കൊലപാതകത്തിന്‍റെ കഥ കേട്ട് നടുങ്ങിയ ചിലര്‍ താത്കാലികമായി ഫ്ലാറ്റ് മാറുകയും ചെയ്‌തിട്ടുണ്ട്.