ലണ്ടന്‍: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ജൂലൈ 19 ന് അവസാനിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, വർക്ക് ഫ്രം ഹോം എന്നിവ ഇതോടെ ഇല്ലാതാകുമെന്ന് ജോൺസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. വാക്സിന്‍ കൊവിഡ് രോഗികളിൽ ഗുരുതരമായ ലക്ഷണങ്ങൾ ഉണ്ടാകുന്നത് തടയാൻ സാഹായിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also read: ഇറാഖിൽ കൊവിഡ് ആശുപത്രിയിൽ തീപിടിത്തം; 20 പേർ കൊല്ലപ്പെട്ടു
എന്നാൽ പകർച്ചവ്യാധി അവസാനിച്ചിട്ടില്ലെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജോൺസൺ പറഞ്ഞു. തിരക്കേറിയ പ്രദേശങ്ങളിൽ ആളുകൾ മാസ്‌ക് ധരിക്കണമെന്നാണ് സർക്കാർ ശിപാർശ ചെയ്യുന്നതെന്ന് അധികൃതർ പറഞ്ഞു. വൈറസ് വ്യാപിക്കുമ്പോൾ നിയന്ത്രണങ്ങൾ ഒഴിവാക്കുന്നത് അപകടകരമാണെന്നാണ് വിദഗ്ധാഭിപ്രായം. അതേസമയം ഡെൽറ്റ വേരിയന്‍റിന്‍റെ വ്യാപനത്തിനിടയിൽ ബ്രിട്ടന്‍റെ ദൈനംദിന കേസുകളുടെ എണ്ണം 30,000 ആയി ഉയർന്നു.