ഇസ്ലാമാബാദ്: പാകിസ്ഥാനിലുടനീളം സൈനികരെയും സൈനിക മെഡിക്കൽ വിഭാഗങ്ങളെയും വിന്യസിക്കുമെന്ന് പാകിസ്ഥാന്‍ സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വ. ഇന്നലെ ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡ് 19 കണക്കിലെടുത്താണ് തീരുമാനം. പാകിസ്ഥാനിൽ ഇതുവരെ 878 പേർക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും ആറുപേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
സർക്കാർ നിർദ്ദേശപ്രകാരം, സ്കൂളുകൾ, മാളുകൾ, സിനിമാശാലകൾ, വിവാഹ ഹാളുകൾ, റെസ്റ്റോറന്‍റുകൾ, നീന്തൽക്കുളങ്ങൾ എന്നിവ അടക്കും. മതപരമോ രാഷ്ട്രീയമോ ആയ ഒത്തുചേരലുകൾ അനുവദിക്കില്ല. ഭക്ഷ്യവസ്തുക്കൾ വഹിക്കുന്ന ചരക്ക്ട്രക്ക് ഒഴികെ മറ്റൊരു വാഹനങ്ങളും റോഡുകളിൽ അനുവദിക്കില്ല. അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള നിയന്ത്രണം ഏപ്രിൽ 4 വരെ നിലനിൽക്കും. ആശുപത്രികൾ, ഫാർമസികൾ, റീട്ടെയിൽ സ്റ്റോറുകൾ, ഫാർമസ്യൂട്ടിക്കൽ വ്യവസായങ്ങൾ, ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറികൾ എന്നിവ മാത്രമേ തുറക്കൂ.