മോസ്കോ: ആണവ നിർവ്യാപന കരാറിൽ നിന്ന് (എൻപിടി) പിന്മാറാൻ ഇറാൻ നടപടികൾ സ്വീകരിക്കുന്നതിനെതിരെ റഷ്യ മുന്നറിയിപ്പ് നൽകിയതായി റഷ്യൻ ഉപ വിദേശകാര്യ മന്ത്രി സെർജി റയാബ്കോവ്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (ഐഎഇഎ) കരാർ പാലിക്കാൻ റഷ്യ ഇറാനോട് ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ആണവ പ്രശ്‌നം ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി പരിഗണിച്ചാൽ എൻപിടിയിൽ നിന്ന് വിട്ടുപോകുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് വ്യക്തമാക്കി. ജനുവരി 5ന് ബാഗ്ദാദിൽ നടന്ന യുഎസ് ഡ്രോൺ ആക്രമണത്തിൽ ഇറാന്‍റെ ഉന്നത സൈനിക കമാൻഡർ ഖാസിം സുലൈമാനി കൊല്ലപ്പെട്ടതിനെ തുടർന്ന് ഇറാനും യുഎസും തമ്മിലുള്ള ബന്ധം വഷളായിരുന്നു. യുഎസിനെതിരെ തിരിച്ചടിക്കുമെന്ന ഇറാന്‍റെ പ്രസ്താവന നിലനിൽക്കെയാണ് റഷ്യ മുന്നറിയിപ്പ് നൽകിയത്. ആണവായുധങ്ങളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ 1968 ൽ ഒപ്പുവച്ച അന്താരാഷ്ട്ര ഉടമ്പടിയാണ് എൻപിടി.