കാഠ്മണ്ഡു: നേപ്പാളിലെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ നാല് ദിവസത്തിനിടെയുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും 60 പേർ മരിച്ചു. 41 പേരെ കാണാതായി. കാണാതായവരെ കണ്ടെത്താൻ പൊലീസ് ഉദ്യോഗസ്ഥർ അവശിഷ്ടങ്ങൾ പരിശോധിച്ച് തിരച്ചിൽ തുടരുകയാണ്. പശ്ചിമ നേപ്പാളിലെ മിയാഗ്ദി ജില്ലയെയാണ് ദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത്. 27 പേർ ജില്ലയിൽ മരിച്ചു.
മണ്ണിടിച്ചിൽ വീടുകൾ തകർത്തതിനാൽ നൂറുകണക്കിന് പേരെ ജില്ലയിൽ നിന്ന് മാറ്റി പാർപ്പിച്ചു. ജൂലൈ 12 വരെ ആയിരത്തോളം പേരെ വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് രണ്ട് വാർഡുകൾ പൂർണമായും നശിച്ചു.
മഴക്കാലത്ത് രാജ്യത്ത് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഒരു സാധാരണയാണ്. ഈ ആഴ്ച മൂന്ന് ദിവസം രാജ്യത്തുടനീളം കനത്ത മഴ പെയ്യുമെന്ന് നേപ്പാളിലെ കാലാവസ്ഥാ വിഭാഗം പ്രവചിച്ചിരുന്നു.