ഇസ്ലാമാബാദ്: ഗുരുനാനാക്കിന്‍റെ 550-ാം ജന്മവാര്‍ഷികത്തിന് സിഖ് തീര്‍ഥാടകരെ കര്‍താര്‍പൂരിലേക്ക് സ്വാഗതം ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍. ഈ മാസം ഒമ്പതിന് നടക്കാനിരിക്കുന്ന ഉദ്ഘാടനചടങ്ങിന് മുന്നോടിയായി കര്‍താര്‍പൂര്‍ ഇടനാഴിയുടെയും ഗുരുദ്വാര ദര്‍ബാര്‍ സാഹിബിന്‍റെയും ചിത്രങ്ങള്‍ ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ പങ്കുവച്ചു.
സിഖ് തീർഥാടകരെ സ്വാഗതം ചെയ്യാൻ കർതാർപൂർ തയ്യാറായിക്കഴിഞ്ഞുവെന്ന് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു. കർതാർപൂർ ഇടനാഴിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിന് തന്‍റെ സര്‍ക്കാരിനേയും അദ്ദേഹം ട്വിറ്ററിലൂടെ പ്രശംസിച്ചു. കർതാർപൂരിലേക്ക് വരുന്ന സിഖ് തീര്‍ഥാടകര്‍ക്ക് പാസ്പോര്‍ട്ട് വേണമെന്ന വ്യവസ്ഥ പാകിസ്ഥാന്‍ നേരത്തെ എടുത്തുകളഞ്ഞിരുന്നു. ഇതോടൊപ്പം ഗുരുവിന്‍റെ ജന്മവാര്‍ഷികത്തിനെത്തുന്നവര്‍ 20 യുഎസ് ഡോളര്‍ കെട്ടിവെക്കണമെന്ന വ്യവസ്ഥയും പാകിസ്ഥാന്‍ ഒഴിവാക്കി.
പാക് അധീന പഞ്ചാബിലെ കർതാർപൂരിൽ ഗുരുനാനാക് സ്ഥാപിച്ച ഗുരുദ്വാരയും ഇന്ത്യയിലെ സിഖ് പുണ്യ സ്ഥലമായ ഗുരുദാസ്പൂരിലെ ഗുരുദ്വാരയും തമ്മിൽ ബന്ധിപ്പിച്ച് തീർഥാടകർക്ക് സന്ദർശനം സാധ്യമാക്കുന്ന ഇടനാഴിയാണ് കർതാർപൂർ. സിഖ് മത സ്ഥാപകൻ ഗുരു നാനാക് ദേവിന്‍റെ 550-ാം ജന്മവാർഷികമാണ് ഈ വർഷം നടക്കാനിരിക്കുന്നത്. പാകിസ്ഥാനിലെ ശ്രീ നങ്കാന സാഹിബാണ് ഗുരു നാനാകിന്‍റെ ജന്മസ്ഥലം.