ലണ്ടൻ: യൂറോപ്യൻ യൂണിയന്‍റെ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്താൻ ശ്രമിച്ച ഇറാന്‍റെ ഭീമൻ കപ്പൽ, ജിബ്രാൾട്ടർ അധികൃതരും ബ്രിട്ടീഷ് നാവികസേനയും ചേർന്ന് പിടികൂടി. കടൽക്കൊള്ളയ്ക്ക് സമാനമായ കുറ്റമാണ് ബ്രിട്ടൻ ചെയ്തിരിക്കുന്നതെന്നും തിരിച്ചടിക്കുമെന്നും ഇറാൻ പരമോന്നതനേതാവ് ആയത്തുല്ല ഖുമൈനിയുടെ ഉപദേഷ്ടാവ് മുഹ്‌സിൻ റെസായ് മുന്നറിയിപ്പുനൽകി. ഇറാന്‍റെ എണ്ണക്കപ്പൽ വിട്ടുതന്നില്ലെങ്കിൽ ബ്രിട്ടന്‍റെ എണ്ണക്കപ്പൽ പിടിച്ചെടുക്കാൻ മടിക്കില്ലെന്ന് മുഹ്സിന്‍ റെസായ് ട്വീറ്റ് ചെയ്തു.
ബ്രിട്ടന്‍റെ അധീനതയിലുള്ള ജിബ്രാൾട്ടർ മുറിച്ചുകടക്കാൻ ശ്രമിക്കവെയാണ് ദി ഗ്രേസ് വൺ എന്ന എണ്ണക്കപ്പൽ വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്. ഇറാനിൽനിന്ന് കയറ്റിയ ക്രൂഡ് ഓയിലാണ് കപ്പലിലുണ്ടായിരുന്നതെന്നാണ് റിപ്പോർട്ടുകൾ. സിറിയൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബെന്യാസ് റിഫൈനറിയിലേക്കാണ് എണ്ണ കൊണ്ടുപോകാൻ ശ്രമിച്ചതെന്ന് ജിബ്രാൾട്ടർ അധികൃതർ അറിയിച്ചു. അമേരിക്കയുടെ നിർദേശപ്രകാരമാണ് എണ്ണടാങ്കറുകൾ പിടികൂടിയതെന്നും സൂചനയുണ്ട്. അമേരിക്കയും ഇറാനും പരസ്പരം ആക്രമണഭീഷണിയുമായി നിലകൊള്ളുന്ന സാഹചര്യത്തിൽ, ബ്രിട്ടന്‍റെ പുതിയ നീക്കം പശ്ചിമേഷ്യയിൽ ആശങ്കയ്ക്കിടയാക്കിയിരിക്കുകയാണ്.
സംഭവത്തിൽ ടെഹ്‌റാനിലെ ബ്രിട്ടീഷ് സ്ഥാനപതിയെ ഇറാൻ വിളിച്ചുവരുത്തിയിരുന്നു. കപ്പൽ പിടിച്ചെടുത്ത ബ്രിട്ടന്‍റെ നടപടിയെ അപലപിച്ച ഇറാൻ വിദേശമന്ത്രാലയം അമേരിക്കയുടെ താളത്തിനൊത്തു അവർ തുള്ളുകയാണെന്നും ആരോപിച്ചു. ബ്രിട്ടന്‍റെ 42 കമാൻഡോസംഘത്തിലെ 30 മറീനുകൾ അടങ്ങുന്ന സംഘമാണ് ജിബ്രാൾട്ടറിലെത്തി ഇറാന്‍റെ കപ്പൽ തടഞ്ഞത്.