ടെഹ്‌റാൻ: ഇറാൻ ആണവ കരാറിനെ സംബന്ധിച്ച് യുഎസ്- ഇറാൻ പ്രതിനിധികൾ തമ്മിൽ ചർച്ച നടത്താൻ ധാരണ. ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ അടുത്ത ആഴ്‌ച വിയന്നയിൽ കൂടിക്കാഴ്‌ച നടത്തും. എന്നാൽ കരാറിനെ സംബന്ധിച്ച് ഇരുരാജ്യങ്ങളും നേരിട്ട് ചർച്ച ചെയ്യില്ല. ഇറാൻ ആണവ കരാറിലേക്ക് യുഎസിനെ മടക്കിക്കൊണ്ട് വരാൻ ചൈന, ഫ്രാൻസ്, ജർമ്മനി, റഷ്യ, ബ്രിട്ടൻ, ഇറാൻ എന്നിവയുടെ പ്രതിനിധികൾ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
കരാറിലേക്കുള്ള യുഎസിന്‍റെ മടങ്ങിവരവ്, കരാറിന്‍റെ ഫലവത്തായ നടപ്പാക്കൽ എന്നിവയാണ് രാജ്യങ്ങൾ ചർച്ച ചെയ്‌തത്. യൂറോപ്യൻ എക്‌സ്റ്റേണൽ ആക്‌ഷൻ സർവീസ് ഡെപ്യൂട്ടി സെക്രട്ടറി എൻറിക്ക് മോറയുടെ അധ്യക്ഷതയിലായിരുന്നു യോഗം. 2018 ൽ ഡൊണാൾഡ് ട്രംപിന്‍റെ കാലത്താണ് ആണവ കരാറിൽ നിന്ന് പിന്മാറി ഇറാനുമേൽ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. കരാർ വ്യവസ്ഥകൾ ഇറാൻ പൂർണമായും പാലിക്കുകയാണെങ്കിൽ മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കാമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.