ബെയ്‌ജിങ്: ചൈനയില്‍ വീണ്ടും ഭീതി പടര്‍ത്തി കൊവിഡ് വ്യാപനം. കഴിഞ്ഞ 24 മണിക്കൂറിനിടെ ചൈനയില്‍ 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിന് ശേഷം ആദ്യമായാണ് ചൈനയില്‍ ഒറ്റ ദിവസം നൂറിലധികം കൊവിഡ് ബാധിതരുണ്ടാകുന്നത്. ചൊവ്വാഴ്‌ച രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടര്‍ന്നത്. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ ഭൂരിപക്ഷം ആളുകള്‍ക്കും രോഗം ലക്ഷണമുണ്ടായിരുന്നില്ലെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറഞ്ഞു.
സമ്പര്‍ക്കത്തിലൂടെ രോഗം പടര്‍ന്ന 98 കേസുകളില്‍ 89 കേസുകള്‍ സിന്‍ജിയാങ്ങില്‍ നിന്നും എട്ട് കേസുകള്‍ ലിയോണിങ്ങില്‍ നിന്നും ഒന്ന് ബെയ്‌ജിങ്ങില്‍ നിന്നുമാണ് റിപ്പോര്‍ട്ട് ചെയ്‌തത്. നിലവില്‍ 9,121 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.
കൊവിഡ് വളരെ വേഗം വ്യാപിക്കുന്ന സിന്‍ജിയാങ്ങിലെ ഉയ്‌ഗൂര്‍ പോലുള്ള പ്രദേശങ്ങളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു. ലിയോണിങ് പ്രവിശ്യയിലെ ഡാലിയനിൽ കടല്‍വിഭവ സംസ്‌കരണ കമ്പനിയുമായി ബന്ധപ്പെട്ട് ഒരു കൊവിഡ് ക്ലസ്റ്റര്‍ കഴിഞ്ഞയാഴ്‌ച കണ്ടെത്തിയതിനെ തുടർന്ന് നഗരത്തിൽ 44 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഡാലിയനില്‍ പോയി വന്ന ഒരാള്‍ക്കാണ് ബെയ്‌ജിങ്ങില്‍ രോഗം സ്ഥിരീകരിച്ചത്. ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം വര്‍ധിക്കുന്നതായാണ് വിലയിരുത്തല്‍ എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായുള്ള അനുഭവ സമ്പത്ത് ഈ വെല്ലുവിളിയെ നേരിടാന്‍ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. ഇനി സാഹചര്യം നിയന്ത്രണാതീതമാകില്ലെന്ന് ആരോഗ്യ വിദഗ്‌ധന്‍ സെങ് ഗുവാങ് പറഞ്ഞു. മറ്റ് രാഷ്ട്രങ്ങളില്‍ അതിവേഗം പടരുന്ന കൊവിഡ് വീണ്ടും ചൈനയെ ബാധിക്കുന്നതിന് തെളിവാണ് ഡാലിയനിലും ഉയ്‌ദൂറിലും പുതിയതായി രൂപപ്പെട്ട ക്ലസ്റ്ററുകള്‍. ചൈന അതിര്‍ത്തി തുറന്നതിനെ തുടര്‍ന്നാണ് വീണ്ടും രോഗവ്യപനം ഉണ്ടായതെന്നും സെങ് ഗുവാങ് പറഞ്ഞു.
ചൈനയില്‍ ഇതുവരെ 84,060 പേര്‍ക്ക് രോഗം ബാധിച്ചു. നിലവില്‍ 482 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 25 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ വിഭാഗം പറഞ്ഞു. 78,944 പേര്‍ക്ക് രോഗം ഭേദമായി. 4,634 പേര്‍ മരിച്ചു.