ധാക്ക: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയിൽ കുടുങ്ങിയ 171 പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള പദ്ധതി ബംഗ്ലാദേശ് ഉപേക്ഷിച്ചു. ദുരിതബാധിത രാജ്യത്തേക്ക് പറക്കാൻ നിശ്ചയിച്ചിരുന്ന വിമാനത്തിലെ ക്രൂ അംഗങ്ങൾ വിസമ്മതിച്ചതിനെ തുടർന്നാണ് പദ്ധതി ഉപേക്ഷിച്ചത്. ഫെബ്രുവരി ഒന്നിന് ബിമാൻ എയർലൈൻസിന്‍റെ ബോയിങ് 777-300 ഇആർ വിമാനം 312 ബംഗ്ലാദേശികളെ ചൈനയില്‍ നിന്നും തിരിച്ചെത്തിച്ചിരുന്നു. കുടുങ്ങിക്കിടക്കുന്ന ബംഗ്ലാദേശികളുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് ബീജിങ്ങിലെ ബംഗ്ലാദേശ് എംബസി അറിയിച്ചു. അതേസമയം ചൈനയില്‍ കുടുങ്ങിക്കിടക്കുന്ന ചില ബംഗ്ലാദേശ് പൗരന്മാർക്ക് ലഭിക്കുന്ന ഭക്ഷണവും കുടിവെള്ളവും കുറവാണെന്ന് പരാതിപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ.അബ്‌ദുൾ മോമെൻ നിഷേധിച്ചു.
ചൈനയിൽ നിന്ന് 312 ബംഗ്ലാദേശികളെ തിരിച്ചുകൊണ്ടുവന്ന ബിമാൻ ക്രൂ അംഗങ്ങൾക്ക് ഇപ്പോൾ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനീസ് ചാർട്ടേഡ് വിമാനത്തിന് മാത്രമേ ഇവരെ തിരികെ കൊണ്ടുവരാൻ കഴിയൂ. നേരത്തെ ചൈനീസ് അധികൃതർ ഇതിന് സമ്മതിച്ചിരുന്നുവെങ്കിലും പിന്നീട് നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ 811ലധികം മരണങ്ങളാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച കേസുകൾ 37,000 ആയതായും ചൈനീസ് ആരോഗ്യ കമ്മിഷന്‍ അറിയിച്ചിരുന്നു.