വാഷിങ്ടണ്‍ : റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈന് സഹായ ഹസ്‌തവുമായി ലോക ബാങ്ക്. 3 ബില്യൻ ഡോളറിന്‍റെ അടിയന്തര സഹായം നൽകാനാണ് ലോകബാങ്ക് തീരുമാനമെടുത്തിട്ടുള്ളത്. ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്‍റ് ഡേവിഡ് മാൽപാസും ഐഎംഎഫ് മാനേജിങ് ഡയറക്‌ടർ ക്രിസ്റ്റലീന ജോർജീവയും ചേർന്നാണ് യുക്രൈന് വേണ്ടിയുള്ള പിന്തുണ പാക്കേജ് പ്രഖ്യാപിച്ചത്.
'യുക്രൈനിൽ യുദ്ധം വരുത്തിവച്ച നാശത്തിൽ ഞങ്ങൾ ദുഃഖിതരാണ്. ജനങ്ങൾ കൊല്ലപ്പെടുകയും, പരിക്കേൽക്കുകയും പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്യുന്നു. രാജ്യത്തിന്‍റെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് വൻ നാശനഷ്‌ടങ്ങൾ സംഭവിക്കുന്നു. ഈ ഭയാനകമായ സംഭവ വികാസങ്ങൾക്കിടയിൽ ഞങ്ങൾ യുക്രൈനിലെ ജനതക്കൊപ്പം നിൽക്കുന്നു.'ലോകബാങ്ക് പ്രസ്‌താവനയിൽ വ്യക്‌തമാക്കി.
യുദ്ധം മറ്റ് രാജ്യങ്ങളേയും കാര്യമായി ബാധിക്കുന്നുണ്ട്. ചരക്കുകളുടെ വില ഉയരുകയും പണപ്പെരുപ്പം വർധിക്കുകയും ചെയ്യുന്നു. ഇത് ദരിദ്രരെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. സംഘർഷം ഇനിയും തുടരുകയാണെങ്കിൽ സാമ്പത്തിക വിപണിയിലെ തടസങ്ങൾ കൂടുതൽ വഷളായിക്കൊണ്ടേയിരിക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രഖ്യാപിച്ച ഉപരോധങ്ങളും കാര്യമായ സാമ്പത്തിക പ്രത്യാഘാതം ഉണ്ടാക്കും. ഞങ്ങൾ ഈ സ്ഥിതിഗതികൾ വിലയിരുത്തി അന്താരാഷ്‌ട്ര തലത്തിൽ നയപരമായ പ്രതികരണങ്ങൾ ചർച്ച ചെയ്യുന്നുണ്ട്.
ALSO READ: ജനവാസ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ ; ഫ്രീഡം സ്ക്വയറില്‍ മിസൈല്‍ ആക്രമണം
ഞങ്ങൾ യുക്രൈന് വേണ്ടി വരും മാസങ്ങളിൽ 3 ബില്യണ്‍ ഡോളറിന്‍റെ പിന്തുണാപാക്കേജ് തയ്യാറാക്കുകയാണ്. 350 മില്യൻ ഡോളറിന്‍റെ അടിയന്തര പാക്കേജ് ഈ ആഴ്‌ച തന്നെ അംഗീകരിച്ച് നൽകുന്നതിനായി ബോർഡിന് സമർപ്പിക്കും. ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനുമായി 200 മില്യണ്‍ ഡോളറിന്‍റെ പാക്കേജും സമർപ്പിക്കുന്നുണ്ട്.
യുദ്ധത്തിന്‍റെ അനന്തര ഫലങ്ങൾ ബാധിച്ചേക്കാവുന്ന യുക്രൈന്‍റെ അയൽ രാജ്യങ്ങളേയും അവിടുത്തെ ജനങ്ങളേയും ലോകബാങ്ക് പിന്തുണയ്‌ക്കും. യുദ്ധം ലോകമെമ്പാടുമുള്ള ജനജീവിതത്തെയും ഉപജീവനത്തെയും ബാധിക്കും. അവർക്ക് പൂർണ പിന്തുണ ലോകബാങ്ക് വാഗ്‌ദാനം ചെയ്യുന്നുവെന്നും പ്രസിഡന്‍റ് ഡേവിഡ് മാൽപസ് പ്രസ്‌താവനയില്‍ അറിയിച്ചു.