യുഎസ്: അമേരിക്കയിലെ വിർജിനിയ ബീച്ചിൽ സർക്കാർ കെട്ടിടത്തിനു നേരെയുണ്ടായ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. ആറ് പേർക്ക് പരിക്ക്. വിർജിനിയ ബീച്ച് സിറ്റിയിലെ മുനിസിപ്പൽ സെന്‍ററിലാണ് വെടിവയ്പ്പ് നടന്നത്. മുനിസിപ്പൽ സെന്‍ററിൽ ജോലി ചെയ്യുന്ന ജീവനക്കാരനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ്. അക്രമിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അതേസമയം പൊലീസ് നടത്തിയ വെടിവയ്പ്പിൽ അക്രമി കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
സംഭവസ്ഥലത്തെത്തിയ പൊലീസുകാർക്ക് നേരെയും വെടിവയ്പ്പുണ്ടായി. ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. സിറ്റി ഹാളിന് സമീപമുള്ള കെട്ടിടത്തിനകത്തായിരുന്നു അക്രമി ഉണ്ടായിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വെടിവയ്പ് നടക്കുന്ന സമയം മുനിസിപ്പല്‍ ജീവനക്കാര്‍ ടൗണ്‍ സെന്‍റർ കെട്ടിടത്തിലുണ്ടായിരുന്നു. വെടിവയ്പ്പുണ്ടായതിന് പിന്നാലെ തൊട്ടടുത്ത കെട്ടിടങ്ങളിലുള്ള ജീവനക്കാരെ ഒഴിപ്പിച്ചു. അറ്റ്‌ലാന്‍റിക് സമുദ്ര തീരത്തുള്ള റിസോര്‍ട്ട് മേഖലയാണ് വിര്‍ജിനിയ ബീച്ച്. വിര്‍ജിനിയയിൽ ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണിത്. നാലര ലക്ഷത്തിനടുത്ത് പേര്‍ ഇവിടെ താമസിക്കുന്നുണ്ട്.