വാഷിങ്‌ടൺ: പൊതുവേദിയില്‍ ആദ്യമായി മാസ്‌ക് ധരിച്ചെത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. മിലിട്ടറി ഹോസ്‌പിറ്റൽ സന്ദർശനത്തിനിടെയാണ് കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായി മാസ്‌ക് ധരിച്ച് ട്രംപ് പ്രത്യക്ഷപ്പെട്ടത്. മുൻകരുതല്‍ നടപടികളുടെ ഭാഗമായി മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിരവധി തവണ നിര്‍ദേശിച്ചിരുന്നെങ്കിലും ട്രംപ് തയാറായിരുന്നില്ല. ഒടുവില്‍ സബർബൻ വാഷിങ്‌ടണിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്‍റർ സന്ദർശനത്തിനിടെയാണ് അദ്ദേഹം മാസ്‌ക് ധരിച്ചെത്തിയത്. പരിക്കേറ്റ സൈനികരെയും കൊവിഡ് പ്രതിരോധ പ്രവര്‍ത്തകരെയും കാണാനെത്തിയതായിരുന്നു ട്രംപ്. മാസ്‌ക് ധരിക്കുന്നത് വളരെ നല്ല കാര്യമാണെന്ന് ആശുപത്രി സന്ദർശനത്തിനിടെ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു.
മാർച്ച് മുതൽ യുഎസിലുടനീളം 3.2 ദശലക്ഷത്തിലധികം പേരെ കൊവിഡ് ബാധിക്കുകയും 1.34 ലക്ഷത്തോളം പേര്‍ മരിക്കുകയും ചെയ്‌തതിന് ശേഷമാണ് ട്രംപ് മാസ്‌ക് ധരിക്കാന്‍ തയ്യാറാകുന്നത്. യുഎസ് വൈസ് പ്രസിഡന്‍റ് മൈക്ക് പെൻസ് ഉൾപ്പെടെയുള്ള പ്രമുഖര്‍ മാസ്‌ക് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം വാർത്താ സമ്മേളനങ്ങൾ, റാലികൾ, മറ്റ് പൊതുപരിപാടികൾ തുടങ്ങിവയില്‍ മാസ്‌ക് ധരിക്കാതെയായിരുന്നു ട്രംപ് എത്തിയിരുന്നത്. മാസ്‌ക് ധരിച്ചാൽ താൻ ദുർബലനാണെന്ന പ്രതീതിയുണ്ടാകുമെന്ന് പ്രസിഡന്‍റ് ഭയക്കുന്നുവെന്ന് അദ്ദേഹത്തോട് അടുത്ത ചില ആളുകളെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ടായിരുന്നു. സാമ്പത്തിക രംഗം വീണ്ടെടുക്കുന്നതിനെക്കാളുപരി പൊതുജനാരോഗ്യ പ്രതിസന്ധിയിലേക്ക് ശ്രദ്ധ തിരിയാനും ഇത് കാരണമാകുമെന്നും അദ്ദേഹം ആശങ്കപ്പെട്ടിരുന്നതായും പറയപ്പെടുന്നു.