ന്യൂയോര്‍ക്ക്: ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. സ്വച്ഛ് ഭാരത് മിഷനിലൂടെ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്കാണ് നരേന്ദ്രമോദിക്ക് ആഗോള ഗോള്‍കീപ്പര്‍ പുരസ്കാരം നല്‍കി ബില്‍ ആന്‍ഡ് മെലിഡ ഗേറ്റ്സ് ഫൗഡേഷന്‍ ആദരിച്ചത്.
ഐക്യരാഷ്ട്ര പൊതുസഭ (യുഎന്‍ജി) സമ്മേളനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പുരസ്കാരം സമ്മാനിച്ചു. ആഗോളലക്ഷ്യങ്ങള്‍ നേടാനായി രാഷ്ട്രീയനേതാക്കള്‍ അവരവരുടെ രാജ്യങ്ങളില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്കാരം നല്‍കുന്നത്. സ്വച്ഛ് ഭാരത് മിഷനിലൂടെ ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞുവെന്നും ഇതിനുള്ള പ്രത്യേക അംഗീകാരമാണ് ഗോള്‍കീപ്പര്‍ പുരസ്കാരമെന്നും ഫൗണ്ടേഷന്‍ അറിയിച്ചു.
ഒക്ടോബര്‍ രണ്ടിന് കൊണ്ടുവന്ന സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് ഇതുവരെ ഒമ്പതുകോടിയിലേറെ ശൗചാലയങ്ങളാണ് നിര്‍മിച്ചത്. സ്വച്ഛ് ഭാരത് ദൗത്യം ആരംഭിക്കുന്നതിന് മുമ്പ് ഇന്ത്യയില്‍ 500 ദശലക്ഷത്തിലധികം ജനങ്ങള്‍ക്ക് മതിയായ ശുചിത്വബോധമില്ലായിരുന്നു. എന്നാല്‍ മിഷനിലൂടെ ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളെയും ശുചിത്വബോധമുള്ളവരാക്കാന്‍ കഴിഞ്ഞു. ഇതിനുള്ള ആദരവാണ് ഗോള്‍കീപ്പര്‍ പുരസ്‌കാരം. ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഗോള്‍കീപ്പര്‍ പുരസ്കാരം ലഭിക്കുന്നത്.