ന്യൂയോർക്ക് : മാൻഹട്ടനടുത്തുള്ള യൂണിയൻ സ്ക്വയറിലെ മഹാത്‌മാഗാന്ധിയുടെ പൂർണകായ വെങ്കല പ്രതിമ തകർത്തു. സംഭവത്തെ അപലപിച്ച് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ രംഗത്തെത്തി. മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത സംഭവം വളരെ നിന്ദ്യമെന്ന് കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അറിയിച്ചു. സംഭവം അവിടുത്തെ ഇന്ത്യന്‍ സമൂഹത്തില്‍ പ്രതിഷേധമുണര്‍ത്തി.
ശനിയാഴ്‌ച പുലർച്ചെയാണ് ചില അജ്ഞാതർ പ്രതിമ തകർത്തത്. വിഷയം പ്രാദേശിക അധികാരികളുമായി ചർച്ച ചെയ്തിട്ടുണ്ടെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. സംഭവത്തിൽ അടിയന്തര നടപടിക്ക് ഉത്തരവിട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രതിമ തകർത്തവർക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.
Also Read: 216 അടി ഉയരം ; 'സമത്വ പ്രതിമ' രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ഗാന്ധി മെമ്മോറിയൽ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ 1986 ഒക്‌ടോബർ 2ന് ഗാന്ധിയുടെ 117-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സംഭാവന ചെയ്‌തതാണ് മാൻഹട്ടനിലെ എട്ടടി ഉയരമുള്ള ഗാന്ധിപ്രതിമ. പ്രതിമ അനാച്ഛാദന ചടങ്ങിൽ അമേരിക്കൻ പൗരാവകാശ നേതാവ് ബയാർഡ് റസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തിയിരുന്നു. 2001ൽ പ്രതിമ നീക്കം ചെയ്‌തിരുന്നു. എന്നാൽ 2002ൽ വീണ്ടും പ്രതിമ സ്ഥാപിച്ചു.
കഴിഞ്ഞ മാസം സമാനരീതിയിൽ അജ്ഞാതരായ അക്രമികൾ കാലിഫോർണിയയിലെ പാർക്കിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ പൂർണമായും തകർത്തിരുന്നു. കാലിഫോർണിയയിലെ 6 അടി ഉയരവും 294 കിലോഗ്രാം ഭാരവുമുള്ള വെങ്കല പ്രതിമയാണ് തകർത്തത്.