വാഷിങ്‌ടണ്‍: വിദ്യാർഥി വിസയുമായി ബന്ധപ്പെട്ട യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ ഗൂഗിൾ, ഫേസ്‌ബുക്ക്, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് സ്ഥാപനങ്ങള്‍ രംഗത്ത്. ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള അന്താരാഷ്ട്ര വിദ്യാർഥികൾ യുഎസ് വിടണമെന്നാണ് ഉത്തരവ്. ഇതിനെതിരെ ഹാർവാർഡ് യൂനിവേഴ്സിറ്റിയും മസാച്ചു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഫയല്‍ ചെയ്‌ത കേസില്‍ ടെക് സ്ഥാപനങ്ങളും ഒപ്പിട്ടു. വിദ്യാർഥി വിസ നിയന്ത്രണങ്ങൾ ബിസിനസുകൾക്ക് കാര്യമായ ദോഷം വരുത്തുമെന്ന് ടെക് സ്ഥാപന മേധാവികൾ പറഞ്ഞു.
പ്രതിഭാധനരായ അന്താരാഷ്ട്ര വിദ്യാർഥികളെ ആകർഷിക്കുകയും നിലനിർത്തുകയും ചെയ്യുന്നതിനെ ആശ്രയിച്ചാണ് അമേരിക്കയുടെ ഭാവി. അന്താരാഷ്ട്ര വിദ്യാർഥികളായി ഇവിടെയെത്തുന്ന വ്യക്തികൾ അടുത്ത തലമുറയെ ബോധവത്കരിക്കുന്നതിന് അത്യാവശ്യമാണെന്നും കമ്പനികൾ അഭിപ്രായപ്പെട്ടു. യുഎസിലെ 180ഓളം അക്കാദമിക് സ്ഥാപനങ്ങളും പരാതിയില്‍ ഒപ്പിട്ടു. ജൂലൈ ആറിനാണ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് (ഐസിഇ) അന്താരാഷ്ട്ര വിദ്യാർഥികൾക്ക് നൽകിയ എഫ് -1, എം -1 വിസകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ഓൺലൈൻ ക്ലാസുകൾ മാത്രമുള്ള വിദ്യാര്‍ഥികൾ യുഎസ് വിസക്ക് അര്‍ഹരല്ലെന്നാണ് ഐസിഇ ഉത്തരവിട്ടത്.
കൊവിഡിനെ തുടര്‍ന്ന് പല സര്‍വകലാശാലകളും ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റിയിരുന്നു. എല്ലാ വിദേശ വിദ്യാർഥികൾക്കും വ്യക്തിഗത ക്ലാസുകൾ എടുക്കാൻ കഴിയില്ലെന്നതിനാല്‍ അത്തരം വിദ്യാര്‍ഥികൾ യുഎസ് വിടണമെന്നാണ് ഐസിഇ തീരുമാനം. പുതിയ നയം അന്താരാഷ്ട്ര വിദ്യാർഥികളുടെ വിദ്യാഭ്യാസത്തെ സാരമായി ബാധിക്കും. കാലിഫോർണിയ സർവകലാശാലയും ഐസിഇക്കെതിരെ കേസ് രജിസറ്റര്‍ ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.