ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് - ബ്രോണക്‌സിലെ ഒരു അപ്പാര്‍ട്ട്‌മെന്‍റ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 9 കുട്ടികളടക്കം 19 പേര്‍ വെന്തുമരിച്ചു. ഞായറാഴ്‌ച പ്രാദേശിക സമയം പതിനൊന്ന് മണിയോടെയായിരുന്നു ദാരുണ സംഭവം. ഇലക്‌ട്രിക്ക് സ്‌പേസ് ഹീറ്ററിലെ തകരാറാണ് തീപിടിത്തത്തിന് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
പരിക്കേറ്റ് ആശുപത്രിയലുള്ള പതിമൂന്ന് പേരുടെ നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. കെട്ടിടത്തിന്‍റെ രണ്ടാം നിലയ്‌ക്കും മൂന്നാം നിലയ്‌ക്കും പൂര്‍ണമായി തീപിടിച്ചെന്ന് ഫയര്‍ കമ്മിഷണര്‍ ഡാനിയല്‍ നിഗ്രോ പറഞ്ഞു. രണ്ട്, മൂന്ന് നിലകളില്‍ നിന്നാണ് തീപിടിത്തം ആരംഭിച്ചത്.
പല അപ്പാര്‍ട്ട്‌മെന്‍റുകളുടെയും വാതിലുകള്‍ തുറന്ന് കിടന്നിരുന്നതിനാല്‍ തീ പെട്ടെന്ന് വ്യാപിച്ചെന്നും ആധികൃതര്‍ പറഞ്ഞു. അഗ്‌നിബാധയുണ്ടായ, 120 ഫ്ലാറ്റുകള്‍ ഉള്ള ട്വിൻ പാര്‍ക്ക് നോര്‍ത്ത് വെസ്‌റ്റ് കോപംളക്‌സ് പണികഴിപ്പിച്ചത് 1973 ലാണ്. 1990 ലെ ഹാപ്പി ലാന്‍ഡ് സോഷ്യല്‍ ക്ലബ്ബില്‍ ഉണ്ടായ തീപിടിത്തത്തിന് ശേഷം ഏറ്റവും ഗുരുതരമായ സംഭവമാണ് അമേരിക്കയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.
എല്ലാ അപ്പാര്‍ട്ട്‌മെന്‍റിലും പ്രവര്‍ത്തന ക്ഷമമായ ഫയര്‍ അലറാം ഇല്ലാത്തത് മരണസംഖ്യ കൂടാന്‍ ഇടയാക്കി. തീപിടിച്ച് കഴിഞ്ഞാല്‍ അണയ്‌ക്കാനുള്ള സ്‌പ്രിങ്ക്‌ളര്‍ സംവിധാനം ഇല്ലാത്തതും ആഘാതം കൂട്ടിയെന്ന് വിദഗ്‌ധര്‍ വിലയിരുത്തുന്നു.