വാഷിങ്ടൺ: ട്രംപിനെതിരെ ക്രിമിനൽ അന്വേഷണം ആരംഭിച്ചു. 2020 ജോർജിയ പൊതു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചതിനെതിരെയാണ് നടപടി. ട്രംപിൻ്റെ ഫോൺ കോൾ രേഖകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ഇതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെൻസ്‌പെർജനും ജോർജിയ സംസ്ഥാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും അന്വേഷണ സംഘം നിർദേശം നൽകി. തെരഞ്ഞെടുപ്പ് നിയമ ലംഘനങ്ങൾ, സംസ്ഥാന-തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ തെറ്റായ പ്രസ്‌താവനകൾ നടത്തുക, ഗൂഢാലോചന, സത്യപ്രതിജ്ഞാ അവകാശ ലംഘനം എന്നിവ പ്രകാരമാണ് കേസ്.
അതേസമയം ട്രംപിനെ രണ്ടാം തവണയും കുറ്റവിചാരണ ചെയ്യുന്നതിൻ്റെ ഭരണഘടനാ സാധുത സംബന്ധിച്ച പ്രമേയത്തെ സെനറ്റിൽ ആറ് റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളാണ് അനുകൂലിച്ചത്. ട്രംപിൻ്റെ അഭിഭാഷകരും ഡമോക്രാറ്റ് സംഘവും വാദങ്ങൾ അവതരിപ്പിച്ച ശേഷം പ്രമേയം 56 വോട്ടിനു പാസായി. ചരിത്രത്തിൽ രണ്ടുതവണ ഇംപീച്ച്മെൻ്റ് നേരിടുന്ന ആദ്യ യുഎസ് പ്രസിഡൻ്റാണ് ട്രംപ്.