വാഷിങ്‌ടൺ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്‍റ് അഷ്‌റഫ് ഘാനിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണെന്ന് വൈറ്റ് ഹൗസ്. അമേരിക്കയ്ക്ക് ഭീഷണി ഉയർത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് അഫ്ഗാനിസ്ഥാൻ ഒരിക്കലും സുരക്ഷിത താവളമായി മാറില്ലെന്ന് ഉറപ്പുവരുത്തുന്നതിനുള്ള മാർഗങ്ങൾ ഇരു നേതാക്കളും ചർച്ചചെയ്യുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. സെപ്റ്റംബർ 11 നകം രാജ്യത്ത് നിന്ന് യുഎസ്, നാറ്റോ സേനകളെ പിൻവലിക്കുന്നതിനു മുന്നോടിയായുള്ള ചർച്ച കൂടിയാണിത്.
Also read: വീണ്ടും വിവാദ പരാമർശവുമായി പാകിസ്ഥാൻ പ്രധാനമന്ത്രി
അഫ്ഗാനിസ്ഥാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ബൈഡന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പായ പെന്‍റഗണിനോട് നിർദ്ദേശിച്ചു. താലിബാൻ അഫ്ഗാനിസ്ഥാനിലെ വിവിധ പ്രദേശങ്ങൾ പിടിച്ചെടുത്തതിനെത്തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് ഇരുവിഭാഗങ്ങളും പദ്ധതിയിട്ടിരിക്കുന്നത്. ഫെബ്രുവരി 29ന് ദോഹയില്‍ വച്ചാണ് അമേരിക്ക - താലിബാന്‍ സമാധാന കരാറില്‍ ഇരുകക്ഷികളും ഒപ്പുവച്ചത്. വർഷങ്ങളോളം നീണ്ടു നിന്ന യുദ്ധം അവസാനിപ്പിച്ച് ഒപ്പുവച്ച കരാര്‍ പ്രകാരം അഫ്‌ഗാന്‍ മണ്ണില്‍ നിന്ന് സൈനികർ പിന്മാറുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു.
ഈ വർഷം സെപ്റ്റംബറോടെ യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കൻ തീരുമാനത്തെ രാജ്യം മാനിക്കുന്നുവെന്നും കാബൂളിൽ സുഗമമായ മാറ്റം ഉറപ്പാക്കുമെന്നും ബൈഡന്‍റെ പ്രഖ്യാപനത്തിന് മറുപടിയായി അഫ്ഗാൻ പ്രസിഡന്‍റ് ഘാനി പറഞ്ഞു.