വാഷിങ്ടൺ: റഷ്യ-യുക്രൈൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പോളണ്ടിലേക്ക് കൂടുതൽ സൈനികരെ അയച്ച് അമേരിക്ക. 3000 കോംബാക്റ്റ് ട്രൂപ്പുകളെയാണ് യുഎസ് പോളണ്ടിലേക്ക് അയക്കുന്നതെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ അറിയിച്ചു. നാറ്റോ സഖ്യകക്ഷിയുടെ ഭാഗമായി ഇതിനകം 1700 ട്രൂപ്പുകൾ പോളണ്ടിൽ അമേരിക്ക സജ്ജമാക്കിയിട്ടുണ്ട്.
നോർത്ത് കരോലിനയിൽ നിന്ന് പുറപ്പെടുന്ന സേന അടുത്ത ആഴ്‌ചയുടെ ആദ്യത്തോടെ പോളണ്ടിലെത്തുമെന്നും പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. യുദ്ധത്തിന് പരിശീലനം നൽകുക, പ്രതിരോധം തീർക്കുക എന്നതാണ് ഈ സംഘത്തിന്‍റെ ചുമതല.
അതേസമയം അമേരിക്കൻ പൗരന്മാരോട് 48 മണിക്കൂറിനുള്ളിൽ യുക്രൈനിൽ നിന്നും മടങ്ങാൻ അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് നിമിഷവും റഷ്യ യുക്രൈനെ ആക്രമിച്ചേക്കുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകി. ജോ ബൈഡൻ -പുടിൻ കൂടിക്കാഴ്‌ച ഉടൻ നടന്നേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. അമേരിക്കക്ക് പുറമെ ബ്രിട്ടൻ, കാനഡ, നെതർലാൻഡ്‌സ്, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളും പൗരന്മാരോട് ഉക്രൈൻ വിടാൻ നിർദേശം നൽകിയിട്ടുണ്ട്.
READ MORE: ആക്രമണം ഏത് നിമിഷവും ഉണ്ടായേക്കാം; പൗരൻമാരോട് യുക്രൈൻ വിടാൻ നിർദേശിച്ച് അമേരിക്ക