ബമാക്കോ: മാലിയുടെ ഇടക്കാല പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയേയും സൈനികർ അറസ്റ്റ് ചെയ്തതായി ആഫ്രിക്കൻ യൂണിയനും ഐക്യരാഷ്ട്രസഭയും. ഒൻപത് മാസം മുമ്പ് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത ഭരണകൂടത്തിലെ രണ്ട് അംഗങ്ങളെ സർക്കാർ പുനഃസംഘടിപ്പിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഇടക്കാല പ്രസിഡന്‍റിനെയും പ്രധാനമന്ത്രിയേയും സൈനികർ അറസ്റ്റ് ചെയ്യുന്നത്.
പശ്ചിമാഫ്രിക്കൻ പ്രാദേശിക കൂട്ടായ്മയായ ഇക്കോവാസ്, അന്താരാഷ്ട്ര സംഘടനകൾ എന്നീ കൂട്ടായ്മകൾ ചേർന്ന് പ്രസിഡന്‍റ് ബഹ് എൻ ഡാവ്, പ്രധാനമന്ത്രി മൊക്റ്റാർ ഒവേൻ എന്നിവരെ എത്രയും പെട്ടന്ന് വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടു. നിർബന്ധിത രാജി ഉൾപ്പെടെയുള്ള നടപടികളെ അന്താരാഷ്ട്ര സമൂഹം എതിർക്കുന്നുവെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Also Read: ബാർജ് അപകടം: 86 മൃതദേഹങ്ങളും കണ്ടെടുത്തു
ആഗസ്റ്റിൽ സൈന്യം തടവിലാക്കിയതിന് പിന്നാലെ മാലി പ്രസിഡന്‍റ് ഇബ്രാഹിം ബൗബക്കര്‍ കെയ്റ്റ രാജിവയ്ക്കുകയും അതിനെ തുടർന്ന് സൈന്യം രാജ്യ ഭരണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. എന്നാൽ അന്താരാഷ്ട്ര സമ്മർദ്ദത്തെത്തുടർന്ന് സൈനിക ഭരണകൂടം സിവിലിയൻ ഭരണകൂടത്തിന് അധികാരം കൈമാറാൻ സമ്മതിച്ചതിനെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലാണ് ഇരു നേതാക്കളും അധികാരമേറ്റെടുക്കുന്നത്.