എറണാകുളം: സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് നിർമിക്കുന്ന 'ലിറ്റിൽ ഹാർട്‌സ്' (Shane Nigam and Shine Tom Chacko new Movie Little Hearts) എന്ന ചിത്രത്തിന്‍റെ പൂജ കട്ടപ്പന ആനവിലാസം എന്ന സ്ഥലത്ത് വച്ച് നടന്നു. നടൻ രഞ്ജി പണിക്കർ ഭദ്രദീപം തെളിയിച്ചു. സാന്ദ്ര തോമസിന്‍റെ ഭർത്താവും നിർമാതാവുമായ വിൽസൺ, സാന്ദ്രയുടെ മാതാപിതാക്കൾ, നടൻ ഷെയിൻ നിഗം (Shane Nigam), സംവിധായകർ, തിരക്കഥാകൃത്ത് തുടങ്ങിയവരും ഭദ്രദീപം കൊളുത്തി.
സാന്ദ്ര തോമസ് പ്രൊഡക്ഷന്‍റെ ബാനറിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രമാണിത്. 'നല്ല നിലാവുള്ള രാത്രി'യായിരുന്നു ആദ്യ ചിത്രം. ബാബുരാജ്, ചെമ്പൻ വിനോദ്, ജിനു ജോസഫ്, ബിനു പപ്പു എന്നിവർ പ്രധാന വേഷങ്ങൾ ചെയ്‌ത ചിത്രമായിരുന്നു നല്ല നിലാവുള്ള രാത്രി.
മലയാള സിനിമയിൽ നിർമാണം, അഭിനയം എന്നീ മേഖലകളിൽ തന്‍റേതായ സ്ഥാനമുറപ്പിച്ച സാന്ദ്ര തോമസിന്‍റെ രണ്ടാമത്തെ ചിത്രം എന്ന രീതിയിലും 'ലിറ്റിൽ ഹാർട്‌സ്' (Little Hearts Movie) ശ്രദ്ധേയമാണ്. എബി ട്രീസ പോൾ, ആന്‍റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരുവരും ചേർന്ന് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. സംവിധാന മികവിൽ പ്രേക്ഷക പ്രശംസ നേടിയ അർജുൻ അശോകൻ നായകനായെത്തിയ മെമ്പർ അശോകൻ ആണ് ഇവർ സംവിധാനം ചെയ്‌ത ആദ്യ ചിത്രം.
അഭിനയ പ്രതിഭകൊണ്ട് പ്രേക്ഷക മനസുകളിൽ ഇടം നേടിയ ഒരു ഗംഭീര താരനിര തന്നെയുണ്ട് ചിത്രത്തിൽ. ഭീഷ്‌മ പർവ്വം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനഘ മരുതോരയാണ് നായിക. ധ്യാൻ ശ്രീനിവാസൻ, ബാബുരാജ്, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, മാലാ പാർവതി, രമ്യ സുവി, പൊന്നമ്മ ബാബു, പ്രാർത്ഥന സന്ദീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. മലയോരമേഖലയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. കളർഫുൾ കോമഡി എന്‍റർടെയ്‌നർ ആയിരിക്കും ചിത്രം.
വ്യത്യസ്‌തമായ മൂന്ന് പേരുടെ പ്രണയവും, ഇവരുടെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ആൾക്കാരും തുടർന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ലിറ്റിൽ ഹാർട്‌സിന്‍റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് പിന്നാടന്‍ ആണ്. ബിജു മേനോൻ - റോഷൻ മാത്യു ചിത്രമായ 'ഒരു തെക്കൻ തല്ല് കേസ്', റിലീസിന് ഒരുങ്ങുന്ന പൃഥ്വിരാജ് ചിത്രം 'വിലായത്ത് ബുദ്ധ' എന്നീ ചിത്രങ്ങളുടെ തിരക്കഥയും രാജേഷിന്‍റേതായിരുന്നു.
ഏഴ് പാട്ടുകളുള്ള ചിത്രത്തിന്‍റെ സംഗീതം കൈലാസ് മേനോനാണ്. ക്യാമറ- ലുക്ക് ജോസ്, എഡിറ്റർ- നൗഫൽ അബ്‌ദുള്ള, പ്രൊഡക്ഷൻ ഹെഡ്- അനിറ്റാരാജ് കപിൽ, ക്രിയേറ്റീവ് ഹെഡ്- ഗോപിക റാണി, ക്രിയേറ്റീവ് ഡയറക്‌ടർ- ദിപിൽദേവ്, പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ സി ജെ, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്‌ണൻ, കോസ്റ്റ്യൂം- അരുൺ മനോഹർ, ആർട്ട്- അരുൺ ജോസ്, കൊറിയോഗ്രഫി- റിഷ്‌ദാൻ അബ്‌ദുൾ റഷീദ്, പിആർഒ- മഞ്ജു ഗോപിനാഥ്, സ്റ്റിൽസ്- അനീഷ് ബാബു, ഡിസൈൻസ്- ഏസ്ത്തറ്റിക് കുഞ്ഞമ്മ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.