കൊച്ചി: കാൻസർ പോലെ ഗുരുതരമായ ഒരു അസുഖം വരില്ല എന്നു വിചാരിച്ചിരിക്കുന്ന ഭൂരിഭാഗം മലയാളികളിൽ ഒരാളായിരുന്നു ഇന്നസെൻ്റും. കാന്‍സര്‍ വന്നതിനുശേഷം രോഗവുമായി മല്ലിട്ട് തിരിച്ചുവന്ന തൻ്റെ അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് രോഗികൾക്ക് ഒരു പ്രചോദനമാവാനായി ഇന്നസെൻ്റ് ഒരു പുസ്‌തകവും എഴുതിയിരുന്നു ‘കാന്‍സര്‍ വാർഡിലെ ചിരി’. ‘എന്തായാലും കാന്‍സര്‍ വന്നു ഇനി ഇന്ന് മരിച്ചാലെന്ത് നാളെ മരിച്ചാലെന്ത്’ എന്ന് തൻ്റെ കാർ ഒരു ലോറിയുമായി ഉരസിയ സന്ദർഭത്തിൽ പറഞ്ഞത് ഇന്നസെൻ്റ് പുസ്‌തകത്തിൽ ഓർത്തെടുക്കുന്നുണ്ട്. അങ്ങനെയുള്ള ഒരു നിസഹായാവസ്ഥ തരണം ചെയ്‌ത് വന്ന വ്യക്തിയാണ് ഇന്നസെൻ്റ്.
മറ്റുള്ളവർക്ക് പ്രചോദനം നൽകുക എന്നതിലുപരി കാൻസർ വന്ന ഒരാളുടെ വേണ്ടപ്പെട്ടവർക്ക് കാന്‍സര്‍ രോഗിയുടെ അനുഭവങ്ങൾ ഒരു മയത്തിൽ തൻ്റേതായ ശൈലിയിൽ പറഞ്ഞുതരികയാണ് ഇന്നസെൻ്റ് ‘കാന്‍സര്‍ വാർഡിലെ ചിരി’യിലൂടെ ചെയ്യുന്നത്. പുസ്‌തകം വായിക്കുന്ന ആർക്കും ഒരു അര്‍ബുദ രോഗിയോട് ഏങ്ങിനെ പെരുമാറണം എന്നതിനെ കുറിച്ചും അവരുടെ വികാര വിചാരങ്ങളെ കുറിച്ചും ഒരു വ്യക്തത ലഭിക്കും. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവർക്കും കാന്‍സര്‍ വരുന്ന ഈ കാലഘട്ടത്തിൽ ഏവർക്കും സഹായകമാകുന്ന ഒരു പുസ്‌തകമാണ് ഇന്നസെന്‍റിന്‍റെ ‘കാന്‍സര്‍ വാർഡിലെ ചിരി’.
ഭാര്യ ആലീസിനും കാന്‍സര്‍ ആണെന്ന് ഫോണിലൂടെ അറിഞ്ഞ നിമിഷം: ഭാര്യ ആലീസിനും അര്‍ബുദം ആണെന്ന് ഫോണിലൂടെ അറിഞ്ഞപ്പോൾ അടുത്തിരിക്കുന്ന ഭാര്യ കാര്യം അറിയാതിരിക്കാൻ ചിരിച്ചുകൊണ്ട് ഫോണിൽ സംസാരിച്ചത് ഇന്നസെൻ്റ് തൻ്റെ ഒരു അഭിമുഖത്തിൽ ഓർത്തെടുക്കുന്നുണ്ട്. അത്രയ്ക്ക് ജീവിതത്തെ ലളിതവും അതേ സമയം അമൂല്യവുമായി കണ്ടിരുന്ന വ്യക്തിത്വമായിരുന്നു ഇന്നസെൻ്റിൻ്റേത്. ജീവിതത്തിൽ തനിക്ക് വന്നുചേർന്ന എല്ലാ പ്രശ്‌നങ്ങളെയും, പ്രധിസന്ധികളെയും ഒരു ചെറു പുഞ്ചിരിയോടെ തരണം ചെയ്യുന്ന പ്രകൃതക്കാരൻ.
also read: നടൻ ഇന്നസെന്‍റ് അന്തരിച്ചു ; നർമത്തിന്‍റെ താര രാജാവിന് വിട
അഭ്യുദയകാംക്ഷികളെ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ എങ്ങനെ ഒഴിവാക്കണം: അഭ്യുദയകാംക്ഷികളെ പ്രതിസന്ധി നിറഞ്ഞ സാഹചര്യങ്ങളിൽ എങ്ങനെ ഒഴിവാക്കണം എന്ന് ഇന്നസെൻ്റ് തന്നെ തൻ്റെ പുസ്‌തകത്തിൽ വിവരിക്കുന്നത് അത് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഒരു വ്യക്തിയെ എത്രത്തോളം ബാധിക്കും എന്ന തിരിച്ചറിവ് അദ്ദേഹത്തിന് ഉള്ളതുകൊണ്ടാണ്. അവരെ ഒഴിവാക്കാൻ പറയുന്നതോടൊപ്പം ചികിത്സ എന്നത് എത്രത്തോളം പ്രധാനമാണ് എന്നും അസുഖം വന്നിരിക്കുന്ന ഒരു വ്യക്തിയെ ഡോക്‌ടർമാരും നഴ്‌സുമാരും എത്രത്തോളം സഹായിക്കുന്നു എന്നും ഇന്നസെൻ്റ് വിവരിക്കുന്നു.
തന്നെ ചികിത്സിച്ച തൻ്റെ ഡോക്‌ടർക്കും കാന്‍സറാണ് എന്ന് അറിഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങൾ അത് ആർക്കും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒന്നാണ് എന്ന തിരിച്ചറിവ് അദ്ദേഹം പങ്കുവയ്ക്കുന്നു. ചിരിയുടെ മഹാരാജാവായ അദ്ദേഹം ഇത്രയും നാൾ തൻ്റെ ആരോഗ്യപ്രശനങ്ങള്‍ തരണം ചെയ്‌ത പോലെ ഇതും തരണം ചെയ്യുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്.