വിഷ്‌ണു മഞ്ചു പ്രധാന വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'കണ്ണപ്പ'. മുകേഷ് കുമാർ സിംഗാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വിഷ്‌ണു മഞ്ചുവിന്‍റെ മകൻ അവ്‌റാം മഞ്ചുവും 'കണ്ണപ്പ'യിൽ സുപ്രധാന വേഷത്തിലുണ്ട് (Vishnu Manchu's son Avram Manchu in Kannappa). അവ്‌റാമിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്.
മകന്‍റെ സിനിമ പ്രവേശത്തെ കുറിച്ചുള്ള താരത്തിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മകൻ അവ്‌റാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം എന്ന നിലയിൽ 'കണ്ണപ്പ' തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് വിഷ്‌ണു മഞ്ചു പറയുന്നു. 'കണ്ണപ്പ'യിലേക്കുള്ള മകന്‍റെ ചുവടുവെപ്പിനെ കുറിച്ച് താരം പറഞ്ഞതിങ്ങനെ: 'കണ്ണപ്പ എന്ന സിനിമ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ടതാണ്.
ഈ ചിത്രത്തിൽ എന്‍റെ മകൻ അവ്‌റാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എനിക്കേറെ അഭിമാനവും സന്തോഷവും പകരുന്ന കാര്യമാണിത്. എനിക്ക് ഇതൊരു സിനിമ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തിന്‍റെ സിനിമാ യാത്രയിലെ മൂന്ന് തലമുറകളുടെ കൂടിച്ചേരൽ കൂടിയാണ്.
അവ്‌റാമിനൊപ്പം ഈ സിനിമ യാത്ര ആരംഭിക്കുമ്പോൾ എല്ലാവരിൽ നിന്നും ഞാൻ വിനയപൂർവം അനുഗ്രഹം തേടുന്നു'. കണ്ണപ്പയിൽ ഉൾപ്പെട്ട എല്ലാവർക്കും ഇതൊരു അവിസ്‌മരണീയ അനുഭവമായി മാറട്ടെയെന്നും തങ്ങളുടെ കുടുംബത്തിന്‍റെ സിനിമ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് ഇതിലൂടെ തുടക്കമാകട്ടെ എന്നും വിഷ്‌ണു മഞ്ചു പറയുന്നു.
വിഷ്‌ണു മഞ്ചുവിന്‍റെ അച്ഛൻ മോഹന്‍ ബാബുവിന്‍റെ 24 ഫ്രെയിംസ് ഫാക്‌ടറി, എവിഎ എന്‍റര്‍ടെയിന്‍മെന്‍റ് എന്നീ ബാനറുകളിൽ 100 കോടി ബജറ്റിലാണ് 'കണ്ണപ്പ' ഒരുങ്ങുന്നത്. പാൻ ഇന്ത്യൻ ചിത്രമായ 'കണ്ണപ്പ' പുരാണ ഇതിഹാസ കഥയിലെ കഥാപാത്രമായ കണ്ണപ്പയുടെ കഥയാണ് പറയുന്നത്. 'കണ്ണപ്പ' എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് ഈ ചിത്രത്തിൽ വിഷ്‌ണു മഞ്ചു അവതരിപ്പിക്കുന്നത്.
പരമശിവന്‍റെ ഏറ്റവും വലിയ ഭക്തനാകാനുള്ള നിരീശ്വരവാദിയായ ഒരു പോരാളിയുടെ യാത്രയാണ് ഈ ചിത്രമെന്ന് വിഷ്‌ണു മഞ്ചു നേരത്തെ വ്യക്തമാക്കിയിരുന്നു. 'കണ്ണപ്പ'യെ സൃഷ്‌ടിച്ചത് രക്തവും വിയർപ്പും കണ്ണീരും കലർന്ന യാത്രയാണെന്നും താരത്തിന്‍റെ വാക്കുകൾ.
പുതുമുഖ താരം പ്രീതി മുഖുന്ദനാണ് 'കണ്ണപ്പ'യിൽ മറ്റൊരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. മോഹൻലാൽ, പ്രഭാസ്, ശിവ രാജ്‌കുമാർ, മോഹൻ ബാബു എന്നിവരടങ്ങുന്ന അതിശയിപ്പിക്കുന്ന താരനിരയും 'കണ്ണപ്പ'യുടെ ഭാഗമാകുന്നുണ്ട്. പരമശിവന്‍റെ കഥാപാത്രത്തെയാകും പ്രഭാസ് അവതരിപ്പിക്കുക എന്നാണ് വിവരം.
നിർമാതാവ് കൂടിയായ മോഹന്‍ ബാബുവും സിനിമയില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സ്‌റ്റാര്‍ പ്ലസില്‍ സംപ്രേഷണം ചെയ്‌ത 'മഹാഭാരത്' സീരീസിന്‍റെ സംവിധായകനായ മുകേഷ് കുമാറിന്‍റെ തെലുഗു അരങ്ങേറ്റ ചിത്രം കൂടിയാണ് 'കണ്ണപ്പ'. പിആർഒ : ശബരി.