കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിൻ്റെ പ്രശസ്‌ത കൃതി ‘നീലവെളിച്ചം’ ആസ്‌പദമാക്കി സംവിധായകൻ ആഷിക് അബു ഒരുക്കുന്ന സിനിമയാണ് നീലവെളിച്ചം. ടൊവിനോ തോമസാണ് സിനിമയിൽ നായകവേഷം കൈകാര്യം ചെയ്യുന്നത്. ഹൊറർ വിഭാഗത്തിൽ എത്തുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയതു മുതൽ കാത്തിരിപ്പിലായിരുന്നു ആരാധകർ.
- " class="align-text-top noRightClick twitterSection" data="
">
വൈക്കം മുഹമ്മദ് ബഷീറയുള്ള ടൊവിനോയുടെ രൂപമാറ്റം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. വളരെ ശാന്തതയോടെ കയ്യിൽ ഒരു പൂവും പിടിച്ച് നിന്നു കൊണ്ട് ബഷീറിൻ്റെ ജൻമദിനത്തിന് ടൊവിനോ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിൽ പങ്കുവച്ച ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ശേഷം വന്ന സിനിമയിലെ ഗാനങ്ങളായ ‘ഏകാന്തന്തയുടെ മഹാതീരവും’, ‘താമസമെന്തേ വരുവാൻ’, ‘അനുരാഗ മധുചഷകം’ എന്നിവ വൻ ഹിറ്റുകളായിരുന്നു.
അനുരാഗ മധുചഷകം: ‘അനുരാഗ മധുചഷകം’ എന്ന ഗാനത്തിലെ നൃത്ത രംഗത്തിന് നടി റീമാ കല്ലിങ്കൽ ഏറെ പ്രശംസ നേടിയിരുന്നു. യൂട്യൂബിൽ റിലീസ് ചെയ്‌ത വീഡിയോ അഞ്ച് ദശലക്ഷത്തിനു മുകളിൽ കാഴ്‌ചക്കാരെ സൃഷ്‌ടിച്ചിരുന്നു. മലയാള സിനിമയിലെ പ്രശസ്‌ത സംവിധായകനും നടി റിമ കല്ലിങ്കലിൻ്റെ ഭർത്താവുമായ ആഷിക് അബുവാണ് നീലവെളിച്ചം സംവിധാനം ചെയ്യുന്നത്.
പ്രേതബാതയുള്ളതായി ഏവരും വിശ്വസിക്കുന്ന വീട്ടിൽ താമസിക്കാനായി വരുന്ന ഒരു യുവ എഴുത്തുകാരന് അനുഭവിക്കേണ്ടി വരുന്ന കാര്യങ്ങളെ ആസ്‌പദമാക്കിയാണ് നീലവെളിച്ചം ഒരുക്കിയിരിക്കുന്നത്. നായകനും അദ്ദേഹം താമസിക്കുന്ന വീടിനെ ആവേശിച്ചിരിക്കുന്ന ആത്‌മാവും തമ്മിൽ ഉണ്ടാകുന്ന ബന്ധമാണ് കഥക്ക് ആധാരം.
ചിത്രത്തിൽ അണിനിരക്കുന്നത് വൻതാരനിര: ടൊവിനോയെ കൂടാതെ റീമ കല്ലിങ്കൽ, റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, രാജേഷ് മാധവൻ, ഉമ കെപി, ദേവകി ഭാഗി, പൂജ മോഹൻ രാജ് തുടങ്ങിയവരാണ് സിനിമയിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്. നേരത്തേ കുഞ്ചാക്കോ ബോബൻ, പ്രിത്വിരാജ്, സൗബിൻ ഷാഹിർ, റീമാ കല്ലിങ്കൽ തുടങ്ങിയവരുടെ പേരുകൾ പുറത്തു വിട്ടുകൊണ്ടായിരുന്നു സിനിമ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. എന്നാൻ ഡേറ്റു പ്രശ്‌നങ്ങൾ മൂലം ഇവർ ഒഴിവാകുകയായിരുന്നു.
‘നീലവെളിച്ചം’ സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂർ ജില്ലയിലെ പിണറായിയാണ്. 1964ൽ വൈക്കം മുഹമ്മദ് ബഷീറിൻ്റെ തിരക്കഥയിൽ എ വിൻസെൻ്റിൻ്റെ സംവിധാനത്തിൽ മധു, പ്രേം നസീർ, അടൂർ ഭാസി, കുതിരവട്ടം പപ്പു, വിജയ നിർമ്മല എന്നിവർ അഭിനയിച്ച മലയാള സിനിമയിലെ തന്നെ ആദ്യത്തെ ഹൊറർ വിഭാഗത്തിലുള്ള സിനിമയായ ‘ഭാർഗവിനിലയ’ത്തിൻ്റെ പുനരാവിഷ്‌ക്കാരമാണ് ‘നീലവെളിച്ചം’.
also read: അജിത്തും ശാലിനിയും ക്രൂസിൽ; പ്രണയ നിമിഷങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് താരപത്‌നി
ഒ പി എം സിനിമാസിൻ്റെ ബാനറിൽ റീമ കല്ലികങ്കലും ആഷിക് അബുവും ചേർന്നാണ് ‘നീലവെളിച്ചം’ നിർമിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ഏപ്രിൽ 21 ന് 'നീലവെളിച്ചം' തിയേറ്ററുകളിൽ എത്തും.