ജൂഡ് ആന്തണി ജോസഫിന്‍റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ '2018 എവരിവണ്‍ ഈസ് എ ഹീറോ' ബോക്സോഫിസിൽ വിജയകുതിപ്പ് തുടരുകയാണ്. തിയേറ്ററുകളില്‍ തരംഗം സൃഷ്‌ടിച്ച് മുന്നേറുന്ന ചിത്രം ഇപ്പോഴിതാ മറ്റൊരു പുതു ചരിതം കൂടി രചിച്ചിരിക്കുകയാണ്. ആഗോളതലത്തിൽ ബോക്സോഫിസിൽ നിന്ന് 150 കോടി രൂപ നേടുന്ന ആദ്യ മലയാള ചിത്രമെന്ന നേട്ടമാണ് '2018' സ്വന്തമാക്കിയിരിക്കുന്നത്.
ചിത്രം റിലീസ് ചെയ്‌ത് മൂന്ന് വാരം പിന്നിടുമ്പോഴാണ് ഈ ചരിത്ര നേട്ടമെന്നതും ശ്രദ്ധേയമാണ്. മെയ് അഞ്ചിനാണ് '2018' തിയേറ്ററുകളിൽ എത്തിയത്. പ്രളയത്തിലകപ്പെട്ട കേരളത്തിന്‍റെ അതിജീവന കഥ പറഞ്ഞ സിനിമ 10 ദിവസംകൊണ്ടാണ് 100 കോടി കടന്നത്. അതിവേഗം നൂറുകോടി ക്ലബ്ലിലെത്തുന്ന ആദ്യ ചിത്രമെന്ന സവിശേഷതയും ഈ സർവൈവല്‍ ത്രില്ലർ സ്വന്തമാക്കിയിരുന്നു.
'കാവ്യാ ഫിലിംസ്', 'പി കെ പ്രൈം പ്രൊഡക്ഷൻസ് 'എന്നിവയുടെ ബാനറിൽ വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ, ആന്‍റോ ജോസഫ് എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തില്‍ ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ ബാലമുരളി, തൻവി റാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ഇവർക്ക് പുറമെ സുധീഷ്, സിദ്ദിഖ്, ജാഫർ ഇടുക്കി, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ലോകമൊട്ടാകെ ഏറ്റവുമധികം കലക്ഷൻ നേടുന്ന മലയാള ചിത്രമെന്ന നേട്ടം നേരത്തെ തന്നെ 'പുലിമുരുകനി'ൽ നിന്നും '2018' തട്ടിയെടുത്തിരുന്നു. 146 കോടി രൂപയാണ് 'പുലിമുരുകന്‍റെ' കലക്ഷനെന്നാണ് റിപ്പോർട്ടുകൾ. അതേസമയം '2018'ന്‍റെ പുതിയ നേട്ടം അണിയറ പ്രവർത്തകർ തന്നെയാണ് പ്രേക്ഷകരുമായി പങ്കുവച്ചത്.
സിനിമയെ വിജയത്തിലേക്ക് കൈ പിടിച്ചുയർത്തിയ പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ടാണ് നിർമാതാവ് വേണു കുന്നപ്പിള്ളി ചിത്രത്തിന്‍റെ നേട്ടത്തെക്കുറിച്ച് ഫേസ്‌ബുക്കിൽ പങ്കുവച്ചത്. 150 കോടിക്കൊപ്പം നിൽക്കുമ്പോഴും താൻ തലകുനിച്ചു കൈകൂപ്പി പ്രേക്ഷകരെ വന്ദിക്കുന്നുവെന്ന് വേണു കുറിച്ചു. അതിരുകടന്ന ആഹ്ളാദമോ അഹങ്കാരമോ ഇല്ലെന്നും ഇതെല്ലാം ദെെവ നിശ്ചയമാണെന്നും നിർമാതാവിന്‍റെ വാക്കുകൾ.
അഖിൽ ജോർജാണ് '2018'ന്‍റെ ക്യാമറക്ക് പിന്നില്‍. ചമൻ ചാക്കോ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം നോബിൻ പോളും സൗണ്ട് ഡിസൈൻ വിഷ്‌ണു ഗോവിന്ദുമാണ് നിർവഹിച്ചിരിക്കുന്നത്. സഹതിരക്കഥ- അഖിൽ പി ധർമജന്‍. 20 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. എന്നാല്‍ ദിവസങ്ങൾക്കുള്ളില്‍ ലാഭവിഹിതം മറികടക്കാന്‍ '2018'നായി. 'എല്ലാവരും ഒരു ഹീറോയാണ്' എന്ന ടാഗ്‌ലൈനോടെ റിലീസിനെത്തിയ ചിത്രം 2018ല്‍ കേരളത്തിനെ ദുരിതത്തിലാക്കിയ പ്രളയത്തെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്.
ALSO READ: '2018' നൂറുകോടി ക്ലബ്ബിലെത്തിയത് 10 ദിവസംകൊണ്ട്; അതിവേഗം ബോക്‌സോഫിസ് കീഴടക്കിയ മലയാള ചിത്രം