കൊച്ചി : രാകേഷ് ഗോപന്‍റെ ഏറ്റവും പുതിയ ചിത്രം തിമിംഗലവേട്ടയുടെ ടൈറ്റില്‍ ലുക്ക് റിലീസ് നാളെ. അനൂപ് മേനോന്‍, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വിഎംആർ ഫിലിംസിന്‍റെ ബാനറില്‍ സജിമോനാണ് നിർമിക്കുന്നത്. സംവിധാനത്തിന് പുറമെ തിമിംഗലവേട്ടയുടെ കഥയും തിരക്കഥയും ഒരുക്കിയതും രാകേഷ് ഗോപനാണ്. വിഎംആർ ഫിലിംസ് തന്നെയാണ് ചിത്രം വിതരണത്തിനായി എത്തിക്കുന്നത്.
കേരളത്തിന് അകത്തും പുറത്തുമായി അന്‍പതോളം ഇടങ്ങളിലായാണ് സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് പ്രധാന ലൊക്കേഷനുകള്‍. സംസ്ഥാനത്തിന് പുറത്ത് രാജസ്ഥാനില്‍ നാലുദിവസത്തെ ചിത്രീകരണം പൂര്‍ത്തിയാക്കാനുണ്ട്. അതേസമയം ഇതിനകം തന്നെ സിനിമയുടെ ഹിന്ദി റീമേക്കിനായി കഥയുടെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട് ബോളിവുഡ് നിര്‍മാണക്കമ്പനി അണിയറപ്രവര്‍ത്തകരെ സമീപിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
നായികയായി ആത്‌മിയ : ആത്മിയ രാജനാണ് തിമിംഗലവേട്ടയില്‍ നായിക കഥാപാത്രത്തിന് ജീവന്‍ നല്‍കുന്നത്. മണിയന്‍പിള്ള രാജു, കോട്ടയം രമേഷ്, ന്നാ താന്‍ കേസ് കൊട് സിനിമയിലൂടെ ശ്രദ്ധേയനായ കുഞ്ഞിക്കൃഷ്‌ണന്‍ മാഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രദീപ് നായരാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്. റോണക്‌സ് സേവ്യർ മേക്കപ്പും അരുണ്‍ മനോഹർ വസ്‌ത്രാലങ്കാരവും നിർവഹിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളർ എസ് മുരുകനാണ്.
രാഷ്‌ട്രീയം പ്രമേയമാക്കിയ ചിത്രം : ഒരിടവേളയ്‌ക്ക് ശേഷം രാഷ്‌ട്രീയരംഗത്തെ പ്രമേയവല്‍ക്കരിക്കുന്ന സിനിമയെന്ന പ്രത്യേകതയും ഇതിനുണ്ട്. ജീവിതം പാര്‍ട്ടികള്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ച ആത്മാര്‍ഥതയുള്ള രാഷ്‌ട്രീയ പ്രവര്‍ത്തകരുടെ ജീവിതത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. അവര്‍ നേരിടുന്ന പ്രതിസന്ധികളും കടന്നുപോകുന്ന രസകരമായ അനുഭവങ്ങളുമെല്ലാം കഥാപശ്ചാത്തലത്തില്‍ ശ്രദ്ധേയ മുഹൂര്‍ത്തങ്ങളായി കോര്‍ത്തിണക്കിയതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
രാകേഷ് ഗോപന്‍റെ സംവിധാന അരങ്ങേറ്റം : 2014ല്‍ പുറത്തിറങ്ങിയ '100 ഡിഗ്രി സെല്‍ഷ്യസ്' ആണ് രാകേഷ് ഗോപന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദ്യ ചിത്രം. അഞ്ച് സ്‌ത്രീകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നീങ്ങുന്നത്. ഒരു വീട്ടമ്മ, ബാങ്കർ, ഐടി പ്രൊഫഷണൽ, ടിവി റിപ്പോർട്ടർ, ഒരു കോളജ് വിദ്യാർഥിനി എന്നിവരുടെ കഥയാണ് 100 ഡിഗ്രി സെൽഷ്യസ് പറയുന്നത്. ശ്വേത മേനോന്‍, അനന്യ, ഭാമ, മേഘ്‌ന രാജ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
also read : 'ഇത്രയും നാളായി നിങ്ങളുമായി പങ്കിടാൻ കാത്തിരുന്ന സിനിമ'; 51ാം പിറന്നാള്‍ സമ്മാനം പ്രഖ്യാപിച്ച് കരണ്‍ ജോഹര്‍
ആര്‍ ആര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്‌സിന്‍റെ ബാനറില്‍ റോയ്‌സണ്‍ വെള്ളറയായിരുന്നു നിര്‍മാണം. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്. സിനിമയ്‌ക്ക് പുറമെ പരസ്യചിത്രനിര്‍മാണ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് രാകേഷ് ഗോപന്‍.
അതേസമയം വെള്ളത്തൂവൽ എന്ന ചിത്രത്തിലൂടെയാണ് ആത്മിയ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മനം കൊത്തി പറവൈ, റോസ് ഗിത്താറിനാൽ, ജോസഫ്, കാവിയൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ജോസഫിലെ അഭിനയത്തിന് കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരവും ആത്മിയ സ്വന്തമാക്കിയിരുന്നു.