ന്യൂഡല്‍ഹി: തട്ടിപ്പ്‌വീരന്‍ സുകേഷ് ചന്ദ്രശേഖറുമായി ബന്ധപ്പെട്ട പണാപഹരണക്കേസില്‍ ബോളിവുഡ് നടി നോറാ ഫത്തേഹി ഡല്‍ഹി പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണവിഭാഗത്തിന് മുന്നില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് നോറ ഫത്തേഹി കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാവുന്നത്. നോറയ്‌ക്ക് ചന്ദ്രശേഖറിനെ പരിചയപ്പെടുത്തികൊടുത്ത പിങ്കി ഇറാനിയുമായി ഒപ്പമിരുത്തി നടിയെ ചോദ്യം ചെയ്യും.
കേസില്‍ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനേയും പിങ്കി ഇറാനിയേയും ഒപ്പമിരുത്തി ചോദ്യം ചെയ്‌തിരുന്നു. ആദ്യം നോറയേയും പിങ്കിയേയും തനിച്ച് ചോദ്യം ചെയ്യും. പിന്നീടായിരിക്കും ഇവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുകയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സെപ്റ്റംബര്‍ രണ്ടിന് നോറയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ആറ് മണിക്കൂര്‍ ചോദ്യം ചെയ്‌തിരുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാത്തത് കൊണ്ടാണ് വീണ്ടും നോറയെ ചോദ്യം ചെയ്യുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ജാക്വിലിൻ ഫെർണാണ്ടസിനെ എട്ട് മണിക്കൂറിലധികമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നലെ(14.09.2022) ചോദ്യം ചെയ്‌തത്. പല പ്രമുഖരേയും വഞ്ചിച്ച് പണം തട്ടിയെടുത്ത കേസില്‍ അന്വേഷണം നേരിടുന്ന ആളാണ് ചന്ദ്ര ശേഖര്‍. ചന്ദ്രശേഖര്‍ നിവില്‍ ജയിലിലാണ്.
ചന്ദ്രശേഖര്‍ മുഖ്യ പ്രതി സ്ഥാനത്തുള്ള കോടിക്കണക്കിന് രൂപ പൂഴ്‌ത്തിവെക്കപ്പെട്ട കേസില്‍ ജാക്വിലിൻ പ്രതിയാണ്. നോറ ഫത്തേഹിക്കും ജാക്വിലിൻ ഫെര്‍ണാണ്ടസിനും ആഡംബര കാറുകള്‍ ചന്ദ്രശേഖര്‍ നല്‍കിയെന്ന് ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.