ആമിര്‍ ഖാന്‍റെ മകള്‍ ഇറ ഖാന്‍റെ 25ാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിംഗായിരുന്നു. മുന്‍ഭാര്യ റീന ദത്തയ്ക്കും മകന്‍ ആസാദിനുമൊപ്പം ഇറയുടെ ജന്മദിനം ആഘോഷിക്കുന്ന ആമിറിന്‍റെ ചിത്രമാണ് പുറത്തുവന്നത്. പൂള്‍ സൈഡില്‍ നിന്നുമാണ് മാതാപിതാക്കള്‍ക്കൊപ്പം ഇറ കേക്ക് മുറിച്ചത്. ബിക്കിനി ധരിച്ചുളള ആമിറിന്‍റെ മകളെയാണ് പുറത്തിറങ്ങിയ ചിത്രങ്ങളില്‍ എല്ലാം ആരാധകര്‍ കണ്ടത്.
ഇറയുടെ ജന്മദിനത്തില്‍ നടന്ന പൂള്‍ ബെര്‍ത്ത്ഡേ പാര്‍ട്ടിയില്‍ ആമിറിന്‍റെ മുന്‍ഭാര്യ കിരണ്‍ റാവുവും, ഇറയുടെ കാമുകന്‍ നുപുര്‍ ഷിക്കാരെയും, മറ്റ് സുഹൃത്തുക്കളും പങ്കെടുത്തു. പിറന്നാള്‍ ഫോട്ടോസിന് പിന്നാലെ ഇറ ഖാന്‍റെ വസ്‌ത്രധാരണത്തെ വിമര്‍ശിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. മാതാപിതാക്കള്‍ക്ക് മുന്നില്‍ എന്ത് തരത്തിലുളള വസ്ത്രമാണ് നിങ്ങള്‍ ധരിച്ചിരിക്കുന്നത് എന്ന് ചോദിച്ച് ചിലര്‍ ഇറയെ വിമര്‍ശിച്ചു.
ബിക്കിനി ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്ന വസ്‌ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്‌ത്രധാരിയായി നില്‍കുന്നത് അരോചകമായി തോന്നുന്നു എന്നുമാണ് ചിലരുടെ കമന്‍റുകള്‍. ഇറ ഖാനെതിരായ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ താരപുത്രിയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തത്തിയത്. ഇതില്‍ ഗായിക സോന മോഹപാത്ര താരപുത്രിയെ പിന്തുണച്ച് നടത്തിയ പ്രതികരണമാണ് ശ്രദ്ധേയമാകുന്നത്.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് സോന സംഭവത്തില്‍ പ്രതികരിച്ചത്. ഇറ 25 വയസ് പ്രായമുളള സ്ത്രീയാണെന്നും അവള്‍ക്ക് ഇഷ്‌ടമുളള വസ്ത്രം ധരിക്കാന്‍ പിതാവിന്‍റെ അനുവാദം ആവശ്യമില്ലെന്നും സോന കുറിച്ചു. ഇറ സ്വതന്ത്ര ചിന്താഗതിയുളള മുതിര്‍ന്ന സത്രീയാണ്. 25 വയസുളള അവള്‍ക്ക് ഇഷ്ടമുളളത് ധരിക്കാന്‍ നിങ്ങളുടെയോ സ്വന്തം പിതാവിന്‍റെയോ അനുവാദം ആവശ്യമില്ല, സോന മോഹപാത്ര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പിന്നാലെ ആമിറിന്‍റെ മകളെ പിന്തുണച്ച സോനയ്ക്ക് നന്ദി പറഞ്ഞ് ആരാധകരും എത്തി. നിങ്ങളുടെ തുറന്ന മനസ്സിനെയും അവരുടെ സ്വാതന്ത്ര്യത്തെയും ജീവിതം ആസ്വദിക്കാനുള്ള തിരഞ്ഞെടുപ്പിനെയും ഞാൻ ശരിക്കും അഭിനന്ദിക്കുന്നു എന്ന് സോനയുടെ പ്രതികരണത്തിന് പിന്നാലെ ഒരാള്‍ കുറിച്ചു. അതേസമയം സിനിമയില്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത താരപുത്രിയാണ് ഇറ ഖാന്‍.
വിഷാദ രോഗത്തിലൂടെ കടന്നുപോയ ഇറ അതിനെ അതിജീവിച്ച അനുഭവങ്ങളെല്ലാം മുന്‍പ് പങ്കുവച്ചിരുന്നു. മാനസികാരോഗ്യം വീണ്ടെടുക്കാനുളള പോരാട്ടത്തെ കുറിച്ച് വാചാലയായ താരപുത്രി 2021ല്‍ അഗത്‌സു എന്ന പേരില്‍ ഫൗണ്ടേഷന്‍ ആരംഭിക്കുകയും ചെയ്തു.