എറണാകുളം: കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ സിദ്ധാർത്ഥ് നായകനായി പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ജിഗർതണ്ട. ചിത്രത്തിലെ പ്രകടനത്തിന് നടൻ ബോബി സിംഹയെ ദേശീയ പുരസ്‌കാരം വരെ തേടിയെത്തിയിരുന്നു. ഒരുകോടി മുതൽ മുടക്കിൽ വിജയ് സേതുപതിയെ നായകനാക്കി പിസ എന്ന ചിത്രം ഒരുക്കി തമിഴ് സിനിമ ലോകത്ത് വേരുറപ്പിച്ച കാർത്തിക് സുബ്ബരാജ്, പിന്നീടാണ് 20 കോടി മുതൽ മുടക്കിൽ ജിഗർതണ്ട ഒന്നാം ഭാഗവുമായെത്തുന്നത്.
തുടര്‍ന്ന് സൂപ്പർസ്‌റ്റാർ രജനികാന്തിനെ നായകനാക്കി പേട്ടയും വിക്രമിനെ നായകനാക്കി മഹാനുമായും കാര്‍ത്തിക് സുബ്ബരാജെത്തി. കാർത്തിക്കിന്‍റെ സംവിധാനത്തിൽ തിയേറ്ററിൽ റിലീസിനൊരുങ്ങുന്ന ചിത്രമാണ് ജിഗർ തണ്ട ഡബിൾ എക്‌സ്. റിലീസിന് തയ്യാറെടുക്കവെ ചിത്രത്തിന്‍റെ ചിത്രീകരണത്തെ കുറിച്ചും പിന്നാമ്പുറങ്ങളെക്കുറിച്ചും ജിഗർ തണ്ട ഡബിൾ എക്‌സിലെ താരങ്ങളായ രാഘവ ലോറന്‍സും എസ്‌ജെ സൂര്യയും മലയാളികളുടെ പ്രിയതാരമായ ഷൈന്‍ ടോം ചാക്കോയും മനസുതുറന്നു.
എന്തുകൊണ്ട് രണ്ടാം ഭാഗം: ജിഗർതണ്ട ഒന്നാം ഭാഗത്തിൽ ബോബി സിംഹ അവതരിപ്പിച്ച കഥാപാത്രം ആദ്യം തേടിയെത്തിയത് രാഘവ ലോറൻസിനെയായിരുന്നു. എന്നാല്‍ ഒരു തെലുഗു ചിത്രത്തിന്‍റെ സംവിധാന ജോലികളിൽ ഏർപ്പെട്ടിരുന്ന ലോറൻസ് മാസ്‌റ്റര്‍ക്ക് ആ സമയം കാർത്തിക് സുബ്ബരാജിന്‍റെ ഓഫർ സ്വീകരിക്കാനായില്ല. പക്ഷെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട ആ കഥാപാത്രം നഷ്‌ടപ്പെട്ടതിന്‍റെ സങ്കടം രാഘവ ലോറൻസിന് എക്കാലവും ഉണ്ടായിരുന്നു. തുടര്‍ന്നാണ് കാർത്തിക് സുബ്ബരാജിനോട് അങ്ങോട്ട് ആവശ്യപ്പെട്ട് ചിത്രത്തിന്‍റെ രണ്ടാം ഭാഗം ഒരുക്കാൻ തീരുമാനിക്കുന്നത്.
ചിത്രത്തില്‍ ആരെല്ലാം: ചിത്രത്തില്‍ ലോറൻസ് മാസ്‌റ്ററിന് ഒത്ത എതിരാളിയായി എത്തുന്നതാവട്ടെ എസ്‌ജെ സൂര്യയും. കാർത്തിക്കിന്‍റെ തന്നെ ഇരവി എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് എസ്‌ജെ സൂര്യ കാഴ്‌ചവച്ചിട്ടുള്ളത്. മാത്രമല്ല മാനാട്, മാർക്ക് ആന്‍റണി തുടങ്ങിയ ചിത്രങ്ങളിലൂടെയും എസ്‌ജെ സൂര്യയുടെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നു. മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയാണ് ജിഗർ തണ്ട ഡബിൾ എക്‌സിലെ മറ്റൊരു പ്രധാന താരം. നായികയായി എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം നിമിഷ സജയനും. അതേസമയം ഗ്രേറ്റ് ഇന്ത്യൻ കിച്ചന്‍ പോലുള്ള നിമിഷയുടെ ചിത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും നിമിഷയുടെ പ്രകടനം കണ്ട് അത്ഭുതപ്പെട്ടു പോയിട്ടുണ്ടെന്നുമായിരുന്നു രാഘവ ലോറൻസിന്‍റെ പ്രതികരണം.
പേര് കേട്ട് ജ്യൂസ് തേടി നടന്ന് ഷൈന്‍: ജിഗർ തണ്ട എന്ന പേരില്‍ മധുരയിൽ ലഭ്യമാകുന്ന പ്രശസ്‌തമായ ഒരു പാനീയമുണ്ട്. സിനിമയെക്കുറിച്ച് ആദ്യം കേട്ടപ്പോൾ ഓർമ വന്നത് ഈ പാനീയത്തെക്കുറിച്ചാണെന്ന് ഷൈൻ ടോം ചാക്കോ തുറന്നുപറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടയിലും ജിഗർ തണ്ട എന്ന പാനീയം തേടി ചെന്നൈയില്‍ അലഞ്ഞിട്ടുണ്ട്. തമിഴ് ജനത സിനിമയെ നെഞ്ചോട് ചേർക്കുന്നവരാണെന്നും എല്ലാ കാര്യത്തിലും തമിഴ് ജനതയ്ക്ക് മലയാളിക്കില്ലാത്ത ഒത്തൊരുമയുണ്ടെന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
തമിഴ് സിനിമകൾ നിർമിക്കുന്നത് തലച്ചോറുകൊണ്ട് മാത്രമല്ല. ആത്മാർത്ഥത കൊണ്ട് കൂടിയാണ്. അതുകൊണ്ടാണ് ഇതു പോലുള്ള സിനിമകൾ തമിഴിൽ മാത്രം സംഭവിക്കുന്നതും. സംവിധായകൻ കഥ പറയാൻ വിളിച്ചപ്പോൾ ജിഗർ തണ്ട എന്ന ചിത്രത്തിന് വേണ്ടിയായിരിക്കുമെന്ന് ധാരണയില്ലായിരുന്നുവെന്നും പതിവ് രീതിയിൽ രസകരമായി തന്നെ ഷൈന്‍ പ്രതികരിച്ചു.
തമിഴ് തെലുഗു ഭാഷകളിൽ ഷൈൻ ടോം ഇതിനുമുമ്പ് അഭിനയിച്ചിരുന്നെങ്കിലും അന്യഭാഷയിൽ സ്വന്തം ശബ്‌ദത്തിൽ ഡബ്ബ് ചെയ്യുന്നത് ഇതാദ്യമായി ജിഗർ തണ്ട ഡബിൾ എക്‌സിനു വേണ്ടിയാണ്. ചിത്രീകരണത്തേക്കാൾ കൂടുതൽ ദിവസം എടുത്താണ് ഡബ്ബിങ് ജോലികൾ ഷൈൻ പൂർത്തിയാക്കിയത്.