ദളപതി വിജയ്‌യും തൃഷയും കേന്ദ്ര കഥാപാത്രങ്ങളില്‍ എത്തുന്ന ചിത്രം 'ലിയോ'യുടെ ഷൂട്ടിങ് കശ്‌മീരില്‍ പുരോഗമിക്കുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ലോകേഷ് കനകരാജ് ഇത്തവണ എന്ത് ചെയ്യുമെന്ന് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
പ്രത്യേകിച്ചും 'കൈതി', 'വിക്രം' എന്നീ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിലൂടെ മികച്ച ഹൈപ്പുകള്‍ സൃഷ്‌ടിച്ച ശേഷം... ഇപ്പോഴിതാ ബോളിവുഡ് താരം സഞ്ജയ് ദത്തിനെ ടീമിലേക്ക് സ്വാഗതം ചെയ്‌തിരിക്കുകയാണ്. ഇതോടെ ആരാധകരുടെ ആവേശവും വര്‍ധിച്ചിരിക്കുകയാണ്.
'ലിയോ'യുടെ കശ്‌മീരിലെ സെറ്റിലാണ് സഞ്ജയ് ദത്ത് എത്തിയത്. വിമാനത്താവളത്തില്‍ വച്ച് തന്നെ താരത്തിന് ഊഷ്‌മള സ്വീകരണം നല്‍കിയിരുന്നു. ശേഷം സെറ്റിലെത്തിയ താരം വിജയ്‌യെയും ലോകേഷ് കനകരാജിനെയും കണ്ടു. ദളപതിയെ ആലിംഗനം ചെയ്‌ത സഞ്‌ജയ് ദത്ത്, 'ലിയോ' ടീമിനൊപ്പം ചായ കുടിക്കുകയും ചെയ്‌തു.
ഇതിന്‍റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 'ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മുഖാമുഖം' എന്നാണ് വീഡിയോയിൽ പരാമർശിച്ചിരിക്കുന്നത്. 'ലിയോ'യില്‍ സഞ്ജയ് ദത്ത് പ്രതിനായകന്‍റെ വേഷത്തിലാണ് എത്തുന്നത്.
ട്രേഡ് അനലിസ്‌റ്റ് തരണ്‍ ആദര്‍ശും വീഡിയോ പങ്കുവച്ചിട്ടുണ്ട്. 'വിജയ്- ലോകേഷ് കനകരാജ് ചിത്രം 'ലിയോ' ഷൂട്ടിനായി സഞ്ജയ് ദത്ത് പങ്കെടുക്കും.' ലിയോ സ്വാഗതം, സഞ്ജയ് ദത്ത് ലൊക്കേഷനില്‍, വിജയ്, ലോകേഷ് കനകരാജ്, സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് എന്നീ ഹാഷ്‌ടാഗുകളോട് കൂടിയാണ് തരണ്‍ ആദര്‍ശ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.
അടുത്തിടെ 'ലിയോ'യുടെ ഷൂട്ടിങ് സ്പോട്ടിൽ നിന്നുള്ള ഒരു വീഡിയോ ലീക്കായിരുന്നു. വെള്ള ഷര്‍ട്ട് ധരിച്ച് ഗതാഗതക്കുരുക്കിന് നടുവിലൂടെ നടക്കുന്ന വിജയ് ആയിരുന്നു വീഡിയോയില്‍. ഉടന്‍ തന്നെ വീഡിയോ എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിച്ചു. ഇതേ തുടര്‍ന്ന് മുന്നറിയിപ്പുമായി 'ലിയോ' ടീം രംഗത്തെത്തിയിരുന്നു.
'ലിയോ'യുടെ ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കുവയ്‌ക്കരുത് എന്നായിരുന്നു നിര്‍മാതാക്കളുടെ മുന്നറിയിപ്പ്. പ്രൊഡക്ഷന്‍ ഹൗസിന് വേണ്ടി ഒരു ടെക്‌നോളജി സെക്യൂരിറ്റി കമ്പനിയാണ് മുന്നറിയിപ്പ് നല്‍കിയത്. മാസ് ബങ്ക് ആന്‍റിപൈറസി എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായിരുന്നു മുന്നറിയിപ്പ്. ആരെങ്കിലും ലംഘനം നടത്തിയാല്‍ ലിങ്കുകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ ഉടനടി നീക്കം ചെയ്യപ്പെടും',- ഇപ്രകാരമായിരുന്നു മാസ് ബങ്ക് ആന്‍റിപൈറസിയുടെ ട്വീറ്റ്.
ഷൂട്ടിങ് സ്‌പോട്ട് ക്ലിപ്പുകള്‍ ഷെയര്‍ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ച് വിജയ്‌യുടെ ആരാധകരും രംഗത്തെത്തിയിരുന്നു. ദളപതി വിജയ്‌യുടെ 67-ാമത് ചിത്രം കൂടിയാണ് 'ലിയോ'. വിജയ്‌യും ലോകേഷ് കനകരാജും ഇതാദ്യമായല്ല ഒന്നിച്ചെത്തുന്നത്. ഇതിന് മുമ്പ് 'മാസ്‌റ്ററി'ലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുള്ളത്.
അതേസമയം 'ലിയോ' ലോകേഷ് യൂണിവേഴ്‌സിന്‍റെ ഭാഗമാകുമോ ഇല്ലയോ എന്ന കാര്യത്തില്‍ ഒരു സ്ഥീരീകരണത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോകേഷ് യൂണിവേഴ്‌സില്‍ വിജയ് കൂടി ഉള്‍പ്പെടുന്നതോടെ ഈ യൂണിവേഴ്‌സ് വലുതും മികച്ചതുമാകും.
ഗൗതം വാസുദേവ മേനോൻ, അർജുൻ സർജ, പ്രിയ ആനന്ദ്, സാൻഡി, മൻസൂർ അലി ഖാൻ, മിഷ്‌കിൻ, മാത്യു തോമസ് തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കും. ലളിത് കുമാറിന്‍റെ സെവന്‍ സ്‌ക്രീന്‍ സ്‌റ്റുഡിയോസ് നിര്‍മാണം. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ജനുവരി രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക. തമിഴ്, ഹിന്ദി, തെലുഗു, കന്നഡ എന്നീ ഭാഷകളില്‍ സിനിമ റിലീസിനെത്തും.
Also Read: മുന്നറിയിപ്പുമായി ലിയോ നിര്‍മാതാക്കള്‍; ലീക്കായ ചിത്രങ്ങളും വീഡിയോകളും പങ്കിടുന്നതിന് വിലക്ക്