മുംബൈ: ബഹുഭാഷ പുരാണ ചിത്രം 'ശാകുന്തളം' നവംബർ നാലിന് തിയേറ്ററുകളിലേക്ക്. കാളിദാസന്‍റെ സംസ്‌കൃത നാടകമായ 'അഭിജ്ഞാന ശാകുന്തളത്തെ' അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ. രുദ്രമദേവി പോലുളള സിനിമകള്‍ തെലുങ്കില്‍ ഒരുക്കിയ സംവിധായകന്‍ ഗുണശേഖറാണ് സിനിമ ഒരുക്കുന്നത്.
ഐതിഹാസികമായ പ്രണയകഥയില്‍ സമന്ത റൂത്ത് പ്രഭുവാണ് ശകുന്തളയായി വേഷമിട്ടത്. ദുഷ്യന്തനെ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരം ദേവ് മോഹനാണ് അവതരിപ്പിക്കുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്.
- " class="align-text-top noRightClick twitterSection" data="
">
സമന്തയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം: സിനിമയുടെ റിലീസ് തീയതിയും മോഷന്‍ പോസ്റ്ററും ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ ഇന്ന്(23.09.2022) പങ്കുവച്ചിരുന്നു. മറ്റ് പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമ്പോള്‍ അസുര രാജാവായി വേഷമിടുന്നത് കബീര്‍ ദുഹന്‍ സിങ്ങാണ്. നടി സമന്ത റൂത്ത് പ്രഭുവിന്‍റെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം കൂടിയാണ് 'ശാകുന്തളം'.
ചിത്രത്തില്‍ കഥാപാത്രങ്ങളായ ശകുന്തളയുടെയും ദുഷ്യന്തന്‍റെയും മകന്‍ ഭരത രാജകുമാരനായി വേഷമിടുന്നത് തെന്നിന്ത്യന്‍ സൂപ്പര്‍താരമായ അല്ലു അര്‍ജുന്‍റെ മകള്‍ അല്ലു അര്‍ഹയാണ്. സച്ചിന്‍ ഖേദേഖര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെങ്കുപ്‌ത, തുടങ്ങിയവരും ചിത്രത്തിന്‍റെ ഭാഗമാണ്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്‍റെ ബാനറില്‍ ഗുണ ടീം വർക്കും ദിൽ രാജുവും സഹകരിച്ച് നീലിമ ഗുണയാണ് ചിത്രം നിര്‍മിക്കുന്നത്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങിയ അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്. അതേസമയം, സമന്തയുടെ സയന്‍സ് ത്രില്ലര്‍ ചിത്രം യശോദയും റിലീസിനൊരുങ്ങുകയാണ്. കൂടാതെ വിജയ് ദേവരകൊണ്ട നായകനാകുന്ന റൊമാന്‍റിക്ക് ചിത്രം കുഷിയുടെ തിരക്കിലുമാണ് സമന്ത.