മാത്യു പെറി, മാറ്റ് ലെബ്ലാങ്ക്, ജെന്നിഫർ ആനിസ്റ്റൺ, കോർട്ടേനി കോക്‌സ്, ലിസ കുഡ്രോ, ഡേവിഡ് ഷ്വിമ്മർ...'ഫ്രണ്ട്‌സ്' എന്ന സീരീസ് ലോകത്തിന് സമ്മാനിച്ച ഈ കൂട്ടുകാരിൽ നിന്നും ഒരാൾ വിട പറഞ്ഞിരിക്കുന്നു (Remembering Matthew Perry). എന്നാൽ എണ്ണിയാലൊടുങ്ങാത്ത ആരാധകരുടെ മനസിൽ അയാൾക്ക് മരണമുണ്ടാകില്ല. അതെ ചാൻഡ്‌ലർ ബിംഗിനെ തന്‍റെ ആരാധകരുടെ കയ്യിൽ ഏൽപ്പിച്ചാണ് മാത്യു പെറിയുടെ മടക്കം. 'ഫ്രണ്ട്‌സ്' ആരാധകർ എങ്ങനെ മറക്കാനാണ് അവരുടെ പ്രിയപ്പെട്ട ചാൻഡ്‌ലർ ബിംഗിനെ, മാത്യു പെറിയെ?
എൻബിസിയുടെ എക്കാലത്തെയും ജനപ്രിയ സിറ്റ്-കോം പരമ്പരയായ ഫ്രണ്ട്സിൽ 'ചാൻഡ്‌ലർ ബിംഗ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മാത്യു പെറി ലോകപ്രശസ്‌തനാവുന്നത്. 1994 മുതൽ പത്ത് വർഷം നീണ്ടുനിന്ന സീരിസിലുടനീളം കയ്യടികൾ നേടാൻ അദ്ദേഹത്തിനായി. ലോകത്ത് തന്നെ 'ചാൻഡ്‌ലർ ബിംഗിനോ'ളം ആഘോഷിക്കപ്പെട്ട മറ്റൊരു സീരീസ് കഥാപാത്രമുണ്ടോ എന്ന് തന്നെ സംശയമാണ്.
'നിങ്ങൾ ഞങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌തു. മറക്കാനാവാത്ത ഒട്ടനേകം നിമിഷങ്ങൾ ഞങ്ങൾക്ക് നൽകി. നിങ്ങൾ പോയി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും'- മാത്യു പെറി വിടപറയുമ്പോൾ ആരാധകർ പറഞ്ഞുവയ്‌ക്കുന്നത് ഇത്രമാത്രമാണ്.
ചാൻഡ്‌ലർ ബിംഗ്, ജോയി ട്രിബിയാനി, റേച്ചൽ ഗ്രീൻ, മോണിക്ക ഗെല്ലർ, റോസ് ഗെല്ലർ, ഫീബി ബുഫെ...ഇവരാണ് ഫ്രണ്ട്സിലെ ആ കൂട്ടുകാർ. ഫ്രണ്ട്സിന്‍റെ സ്രഷ്‌ടാക്കൾ കാസ്‌റ്റിംഗ് സമയത്ത് ഏറ്റവുമധികം വെല്ലുവിളികൾ നേരിട്ടതും ചാൻഡ്‌ലർ ബിംഗിനെ ആരെ ഏൽപ്പിക്കും എന്നത് സംബന്ധിച്ചാണ്. അപ്പോഴാണ് മാത്യു പെറിയുടെ വരവ്. പിന്നീട് നടന്നത് ചരിത്രം. കൂട്ടത്തിലെ ഏറ്റവും കൗശലക്കാരനും തമാശക്കാരനുമായ ചാൻഡ്‌ലർ ബിംഗായുള്ള മാത്യു പെറിയുടെ പകർന്നാട്ടം അനിർവചനീയമാണ്.
മാത്യു പെറിയ്‌ക്ക് മാത്രമെ ഇത്ര പൂർണതയോടെ ചാൻഡ്‌ലർ ബിംഗിനെ അവതരിപ്പിക്കാനാകൂ എന്ന് ഫ്രണ്ട്‌സിന്‍റെ അമരക്കാരായ മാർട്ട കോഫ്‌മാനും ഡേവിഡ് ക്രെയിനുമെല്ലാം പലകുറി പറഞ്ഞിട്ടുണ്ട്. ഒരു പഞ്ച് ലൈനും പാഴാക്കിയിട്ടില്ല, കുറ്റമറ്റ കോമിക് ടൈമിംഗ്, വേറിട്ട സംഭാഷണ ശൈലി, സർക്കാസം ചാൻഡ്‌ലറെ ഇത്ര ആഴത്തിൽ പ്രേക്ഷക മനസിൽ പ്രതിഷ്‌ഠിക്കാൻ, ആകർഷണീയമാക്കാൻ മാത്യുവിനല്ലാതെ മറ്റാർക്ക് സാധിക്കും.
18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്‌തിട്ടുള്ള ഫ്രണ്ട്സ് ഒടിടി വഴി ഇപ്പോഴും ആസ്വദിക്കുന്നത് കോടിക്കണക്കിന് പേരാണ്. യുഎസിൽ ഏതാണ്ട് 52.5 ദശലക്ഷം ആളുകളാണ് സീരീസിന്‍റെ അവസാന എപ്പിസോഡ് കണ്ടത്. 2000-കളിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ടിവി എപ്പിസോഡായും ഇത് മാറി.
'ഫ്രണ്ട്‌സി'ന്‍റെ റീ യൂണിയനിലാണ് മാത്യു പെറി അവസാനമായി പങ്കെടുത്തത്. 'ഫ്രണ്ട്‌സി'ന്‍റെ ചിത്രീകരണ സമയത്ത് കടുത്ത മാനസിക പ്രശ്‌നങ്ങൾ അനുഭവിച്ചിരുന്നതായി ഈ പരിപാടിക്കിടെ മാത്യു വെളിപ്പെടുത്തിയിരുന്നു. ലഹരിക്കടിമപ്പെട്ട കാലഘട്ടത്തിൽ 'ഫ്രണ്ട്‌സിലെ' മൂന്ന് മുതൽ ആറ് വരെയുള്ള സീസണുകളിൽ അഭിനയിച്ചത് പോലും തനിക്ക് ഓർമയില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മുമ്പ് ഒരു അപകടത്തിൽ പെട്ടതിന് ശേഷമാണ് മാത്യു മദ്യത്തിനും വേദനസംഹാരികൾക്കും അടിമപ്പെട്ടത്. എന്നാൽ പിന്നീട് ചികിത്സ തേടിയ മാത്യു ലഹരിക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിൽ നിലയുറപ്പിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ വസതിയിലെ ബാത്ത് ടബില്‍ ശനിയാഴ്‌ചയാണ് മാത്യുവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ.
ബാലതാരമായി അരങ്ങേറ്റം: 1979-ൽ പുറത്തിറങ്ങിയ 240-റോബർട്ട് എന്ന സീരിസിലൂടെയാണ് ബാലതാരമായി മാത്യു പെറി ടെലിവിഷൻ - വിനോദ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നോട്ട് നെസെസറിലി ദ ന്യൂസ് (1983), ചാൾസ് ഇൻ ചാർജ് (1985), സിൽവർ സ്‌പൂൺസ് (1986), ജസ്റ്റ് ദ ടെൻ ഓഫ് അസ് (1988), ഹൈവേ ടു ഹെവൻ (1988) തുടങ്ങിയ ഷോകളിലൂടെ മാത്യു പ്രേക്ഷക ശ്രദ്ധയാകർഷിച്ചു.
നായക നിരയിലേക്ക് എത്തുന്നത് 1987ൽ പുറത്തിറങ്ങിയ 'ബോയ്‌സ് വിൽ ബി ബോയ്‌സ്' എന്ന സീരിസിലൂടെയാണ്. 1988ലെ 'എ നൈറ്റ് ഇൻ ദി ലൈഫ് ഓഫ് ജിമ്മി റിയർഡൺ' എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്കും കാലെടുത്തുവച്ചു. ഫൂൾസ് റഷ് ഇൻ, ഓൾമോസ് ഹീറോസ്, ദ ഹോൾ നൈൻ യാർഡ്‌സ് എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. കരോലിൻ ഇൻ സിറ്റി (1995), അല്ലി മക്ബീൽ (2002), ദി വെസ്റ്റ് വിംഗ് (2003), സ്‌ക്രബ്‌സ് (2004) എന്നിവയാണ് മാത്യു പെറിയുടെ ശ്രദ്ധേയമായ മറ്റ് സീരിസുകൾ. ദി എൻഡ് ഓഫ് ലോങ്ങിംഗ് എന്ന പേരിൽ ഒരു നാടകവും അദ്ദേഹം എഴുതി അഭിനയിച്ചിട്ടുണ്ട്.