‘ഒ ബേബി’ ടീസർ പുറത്ത്; പ്രതീക്ഷയേകി രഞ്ജന്‍ പ്രമോദ്- ദിലീഷ് പോത്തൻ കോംബോ - thriller
രഞ്ജന്‍ പ്രമോദ്- ദിലീഷ് പോത്തൻ കോംബോയിൽ ‘ഒ ബേബി’ വരുന്നു. ‘രക്ഷാധികാരി ബൈജു’വിന് ശേഷം ഇത്തവണയെത്തുന്നത് ത്രില്ലറുമായി
മീശമാധവൻ, മനസിനക്കരെ, നരൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും കൂടാതെ സംവിധായക കുപ്പായത്തിലും തിളങ്ങിയ രഞ്ജന്‍ പ്രമോദിൻ്റെ ഏറ്റവും പുതിയ ചിത്രം ‘ഒ ബേബി’യുടെ ടീസർ പുറത്ത്. ‘രക്ഷാധികാരി ബൈജു’വിന് ശേഷം രഞ്ജന്‍ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദിലീഷ് പോത്തനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖ അഭിനേതാക്കളും ദിലീഷിനൊപ്പം മാറ്റുരക്കുന്നു.
തൻ്റെ മുൻകാല സിനിമകളിൽ നിന്നും വ്യത്യസ്‌തമായി ഇത്തവണ ത്രില്ലറുമായാണ് രഞ്ജൻ പ്രമോദ് എത്തുന്നത്. സിനിമ ഒരു മികച്ച ത്രില്ലർ അനുഭവം തന്നെയാകും പ്രേക്ഷകർക്ക് സമ്മാനിക്കുക എന്നുറപ്പ് നൽകുന്നതാണ് ഇപ്പോൾ പുറത്തുവന്ന ടീസർ. ഏറെ നിഗൂഢത നിറഞ്ഞ ടീസർ ചിത്രത്തിൻ്റെ പ്രതീക്ഷ ഇരട്ടിയാക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
മലയാള സിനിമയിൽ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച രഞ്ജന്‍ പ്രമോദും ദിലീഷ് പോത്തനും ആദ്യമായി ഒന്നിക്കുകയാണ് ‘ഒ ബേബി’യിലൂടെ. രഞ്ജന്‍ പ്രമോദ്- ദിലീഷ് പോത്തൻ കോംബോ തന്നെയാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. ചിത്രത്തിൻ്റെ നിർമാണത്തിലും ദിലീഷ് പങ്കാളിയാണ്.
ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയതും രഞ്ജന്‍ പ്രമോദ് തന്നെയാണ്. രഘുനാഥ് പലേരി, ഹാനിയ നസീഫ, നടൻ എം ജി സോമന്‍റെ മകൻ സജി സോമൻ, ഷിനു ശ്യാമളൻ, അതുല്യ ഗോപാലകൃഷ്‌ണൻ, വിഷ്‌ണു അഗസ്‌ത്യ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വരുൺ കൃഷ്‌ണ, പ്രണവ് ദാസ് എന്നിവരാണ് 'ഒ ബേബി'യിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത് ലിജിൻ ബാംബിനോയും സൗണ്ട് ഡിസൈൻ ഷമീർ അഹമ്മദുമാണ്. അരുണ്‍ ചാലിലാണ് ഛായാഗ്രാഹകൻ. എക്‌സിക്യുട്ടിവ് പ്രൊഡ്യൂസർ: രാഹുൽ മേനോൻ, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്‌ത്രാലങ്കാരം: ഫെമിന ജബ്ബാർ, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്‌ടർ സിദ്ധിക്ക് ഹൈദർ, അഡിഷണൽ ക്യാമറ: ഏ കെ മനോജ്. സംഘട്ടനം: ഉണ്ണി പെരുമാൾ. പോസ്റ്റർ ഡിസൈൻ ഓൾഡ് മോങ്ക്. ജൂണിലാകും ചിത്രം തിയറ്ററുകളിലെത്തുക.
'സിനിമയിൽ കലയില്ല, കലയുള്ളത് അതിന്‍റെ കാഴ്‌ചയിലാണ്' എന്ന് പറഞ്ഞ രഞ്ജന്‍ പ്രമോദ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 2006ൽ പുറത്തിറങ്ങിയ 'ഫോട്ടോഗ്രാഫർ'. പിന്നീട് റോസ് ഗിറ്റാറിനാൽ എന്ന ചിത്രവും ഇദ്ദേഹം സംവിധാനം ചെയ്‌തു. ഒരിടവേളയ്‌ക്ക് ശേഷം രഞ്ജന്‍ പ്രമോദ് മടങ്ങിയെത്തുമ്പോൾ 'ഒ ബേബി'യുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്. മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ.