അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടായിരുന്ന പ്രിയപ്പെട്ട അമ്പിളി ചേട്ടൻ എന്ന ജഗതി ശ്രീകുമാർ അഭിനയ ലോകത്തേക്ക് വീണ്ടും തിരിച്ചു വരുന്നു. അതും അദ്ദേഹം ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു വേഷത്തിൽ. 2012ൽ സംഭവിച്ച അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാതിരുന്ന അദ്ദേഹം 'വല' എന്ന സിനിമയിലെ 'പ്രൊഫസർ അമ്പിളി' എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്ത് സജീവമാകും. 2025ൽ ഒരുപക്ഷേ നമ്മുടെ അമ്പിളി ചേട്ടൻ്റെ അതിഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മലയാള സിനിമയിൽ ഇപ്പോൾ അദ്ദേഹത്തെ മിസ് ചെയ്യാത്തവര്‍ കുറവാണ്. മലയാളികൾ ഹൃദയത്തോട് ചേർത്ത് നിർത്തിയ മുഖമാണ് ജഗതി ശ്രീകുമാറിന്‍റേത്. അദ്ദേഹത്തിന്‍റെ 73ആം പിറന്നാള്‍ ദിനത്തിൽ തന്നെയാണ് വല എന്ന സിനിമയിലെ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം ചിത്രത്തിൽ എത്തുന്നതെന്ന് പോസ്റ്റർ സൂചന തരുന്നു.
പ്രൊഫസർ അമ്പിളി അഥവാ അങ്കിള്‍ ലൂണാർ എന്നാണ് അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ശരിക്കും ലോകത്തെ തന്‍റെ കൈവെള്ളയിൽ നിയന്ത്രിക്കുന്ന ഒരു മാസ്റ്റർ മൈൻഡ് ശാസ്ത്രജ്ഞന്‍റെ റോളാണ് അദ്ദേഹത്തിനെന്ന് തോന്നിപ്പിക്കും വിധമുള്ള വ്യത്യസ്‌തമായ അവതരണമാണ് പോസ്റ്ററിലേത്. നിമിഷ നേരം കൊണ്ട് കിടിലൻ പോസ്റ്റർ വൈറലായിരിക്കുകയാണ്.
'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തന്‍ ജോണര്‍ തുറന്നുകൊടുത്ത യുവ സംവിധായകന്‍ അരുണ്‍ ചന്തുവിന്‍റെ അടുത്ത ചിത്രമായാണ് വല എത്തുന്നത്. സയന്‍സ് ഫിക്ഷന്‍ ഡോക്യുമെൻ്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തലവുമാണ്. സോംബികളുമായാണ് 'വല' എന്ന പുതിയ ചിത്രമെത്തുന്നത്. ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായുള്ള വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗൺസ്മെന്‍റ് വീഡിയോയും രസകരമായിരുന്നു.
ഗോകുല്‍ സുരേഷും അജു വര്‍ഗീസും ഭാഗമായ ഈ അനൗണ്‍സ്‌മെന്‍റ് വീഡിയോ വലയെക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്‍റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നല്‍കിയിരുന്നത്. ഇപ്പോഴിതാ പുതിയ ക്യാരക്‌ടർ പോസ്റ്ററും ഏവരും നെഞ്ചോടുചേർത്തിരിക്കുകയാണ്.
'ഗഗനചാരി'യുടെ തുടര്‍ച്ചയാണോ, വ്യത്യസ്‌തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. മരിച്ചിട്ടും മരിക്കാതെ തുടരുന്ന മനുഷ്യരെയും ജീവികളെയുമാണ് സയന്‍സ് ഫിക്ഷന്‍ ലോകത്ത് സോംബികളെന്ന് വിളിക്കുന്നത്. ഇവരുടെ ആക്രമണത്തില്‍പ്പെടുന്നവരും സോംബികളായി മാറുന്നതാണ് പൊതുവെ ഫിക്ഷനില്‍ കണ്ടുവരാറുള്ളത്.
ഹോളിവുഡ് അടക്കമുള്ള വിദേശ ഭാഷകളില്‍ നിരവധി ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ഭാഷകളില്‍ വളരെ വിരളമായേ സോംബികള്‍ സ്‌ക്രീനില്‍ എത്തിയിട്ടുള്ളു. മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 2025ൽ ആയിരിക്കും ചിത്രം തിയേറ്ററുകളിലെത്താനായി ഒരുങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗോകുല്‍ സുരേഷ്, അജു വര്‍ഗീസ് എന്നിവര്‍ക്കൊപ്പം ഗഗനചാരിയിലെ അനാര്‍ക്കലി മരിക്കാര്‍, കെബി ഗണേശ്‌കുമാര്‍, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയുടെ ഭാഗമാണ്. മാത്രമല്ല, മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നവെന്ന പ്രത്യേകതയും വലയ്ക്ക് ഉണ്ട്.
അണ്ടർഡോഗ്‌സ് എന്‍റർടെയ്ൻമെന്‍റ്സ് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്‍റർടെയ്ൻമെന്‍റ്സാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിങ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്‌സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എഎസ് സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വഹിക്കുന്നു. ഫൈനല്‍ മിക്‌സ് വിഷ്‌ണു സുജാതന്‍, ക്രിയേറ്റീവ് ഡയറക്‌ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, പിആർഒ ആതിര ദിൽജിത്ത്.
Also Read: മാർക്കോ 2ൽ ഉണ്ണി മുകുന്ദന് വില്ലനാകാൻ ചിയാൻ വിക്രം വരുമോ?